കൊല്‍ക്കത്ത(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണം ഒരുദിവസം മുന്‍പേ അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കമ്മീഷന്‍ മോദിയുടെ കയ്യിലെ കളിപ്പാവ പോലെ പ്രവര്‍ത്തിച്ചുവെന്നും ബിജെപിയാണ് ഇത്തരത്തിലൊരു തീരുമാനം കമ്മീഷനെക്കൊണ്ട് എടുപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതയുടെ ആരോപണം.
‘കമ്മീഷന്റെ തീരുമാനം അസന്മാര്‍ഗികവും പക്ഷപാതപരവുമാണ്. ബി.ജെ.പിക്കു കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലത്തെ അക്രമസംഭവങ്ങള്‍ അമിത് ഷാ കാരണമാണുണ്ടായത്. എന്തുകൊണ്ടാണ് ഷായ്ക്കെതിരേ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാത്തത്? എന്തുകൊണ്ടാണ് അയാളെ പുറത്താക്കാത്തത്? അമിത് ഷാ ഇന്നു വാര്‍ത്താസമ്മേളനം നടത്തി. കമ്മീഷനെ ഭീഷണിപ്പെടുത്തി. ഷായ്ക്കെതിരേ നടപടിയെടുക്കണം.’- മമത ആവശ്യപ്പെട്ടു.
ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ മോദിക്ക് വിഷമം തോന്നിയില്ലെന്നും ബംഗാളിലെ ജനത ഇക്കാര്യം ഗൗരവത്തോടെയാണു കാണുന്നതെന്നും മമത കുറ്റപ്പെടുത്തി.
ഇന്നലെ അക്രമം നടത്താന്‍ പുറത്തുനിന്നാണു ഗുണ്ടകളെത്തിയതെന്നും കാവിവസ്ത്രം ധരിച്ച് അക്രമം നടത്താനെത്തിയവര്‍ ബാബറി മസ്ജിദ് തകര്‍ത്തത് ഓര്‍മിപ്പിക്കുന്നുണ്ടെന്നും മമത ചൂണ്ടിക്കാട്ടി.
സ്വന്തം ഭാര്യയെ നോക്കാന്‍ കഴിയാത്ത മോദി പിന്നെങ്ങനെയാണു രാജ്യത്തെ നോക്കുകയെന്നും അവര്‍ ചോദിച്ചു. ചരിത്രത്തിലാദ്യമായി ഒരുദിവസം മുന്‍പേ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ട് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു മമതയുടെ വാര്‍ത്താസമ്മേളനം. ബംഗാളിലെ ശേഷിക്കുന്ന ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രാത്രി 10 മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.