തീർത്ഥാടകരുടെ തിരക്ക് കൂടുന്നു; മക്കയിൽ സുരക്ഷ വർധിപ്പിച്ചു

0
188

ജിദ്ദ(www.mediavisionnews.in): റമദാൻ അവസാന പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചതോടെ തീർഥാടകരുടെ ഒഴുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മക്കയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി.തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഹറം പള്ളികളിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മക്കയിൽ കൂടുതൽ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വിശുദ്ധ റമദാൻ ഏറ്റവും പുണ്യമേറിയ ദിവസങ്ങളിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. അവസാനത്തെ പത്ത് ദിനങ്ങൾക്ക് പ്രത്യേകതകൾ ഏറെയാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദർ അവസാന പത്തിലെ ഏതെങ്കിലുമൊരു രാത്രിയായിരിക്കും. ഈ ദിവസങ്ങളിൽ വിശ്വാസികൾ ആരാധനാ കർമങ്ങൾ വർധിപ്പിക്കും. മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് വർധിക്കും.

അവസാന പത്ത് ദിവസം വിശുദ്ധ ഹറമിൽ ചെലവഴിക്കാനായി സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം മക്കയിലെത്തി. ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായികളും പണ്ഡിതരും ഉൾപ്പെടെയുള്ള പ്രമുഖർ അവസാന പത്തിൽ മക്കയിൽ എത്താറുണ്ട്. ഇസ്ലാമിക, അറബ്, ജി.സി.സി ഉച്ചകോടികൾ നടക്കുന്നതിനാൽ അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിൽ നിരവധി രാഷ്ട്ര നേതാക്കൾ മക്കയിൽ എത്തും. മക്കയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സന്ദർഭം കൂടിയാണ് റമദാൻ അവസാനത്തെ പത്ത് ദിവസങ്ങൾ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here