ചെമ്പരിക്ക ഖാസി വധം; അന്വേഷണം ആവിശ്യപ്പെട്ട ഖാസിയുടെ പേരമക്കളടക്കം പതിനൊന്ന് പേര്‍ക്ക് സമസ്തയുടെ അച്ചടക്ക നടപടി

0
543

കോഴിക്കോട് (www.mediavisionnews.in): ഇ.കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് 10 ന് കോഴിക്കോട് നടന്ന സമസ്തയുടെ പ്രതിഷേധ സമ്മേളന നഗരിയില്‍ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് ഖാസിയുടെ പേരകുട്ടിയടക്കം പതിനൊന്ന് പേര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി.

സലിം ദേളി, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, റാശിദ് ഹുദവി, നുഅ്മാന്‍ ഹുദവി, മുസ്തഫ ഹുദവി തിരുവട്ടൂര്‍, മുഹമ്മദ് കുഞ്ഞി ഹുദവി പള്ളക്കര, ഹാമിദ് ആറ്റക്കോയ തങ്ങള്‍ വാഫി, അബൂബക്കര്‍ ഹുദവി തളങ്കര, സൈഫുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സാബിര്‍ ദേളി എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. നടപടി നേരിട്ടവരില്‍ റാശിദ് ഹുദവി, സലീം ദേളി, സാബിര്‍ ദേളി എന്നിവര്‍ ചെമ്പരിക്ക ഖാസിയുടെ പേരമക്കളാണ്.

സമസ്തയുടെ പോഷക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്നും, സ്ഥാപനത്തില്‍ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ സമസ്ത കേന്ദ്രമുശാവറ യോഗം തീരുമാനിച്ചതായി സംസ്ഥാന ഓഫീസില്‍ നിന്നുമാണ് അറിയിച്ചത്.

ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സമസ്ത നേതാവിനെതിരെ ഗോ ബാക്ക് വിളിച്ചതാണ് സമസ്തയുടെ അച്ചടക്ക നടപടിക്ക് അടിസ്ഥാനമെന്നാണ് സമസ്തയുടെ വിശദീകരണം.

സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ക്കെതിരെയായിരുന്നു സമ്മേളനത്തിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ പതാകയും പിടിച്ച് ഗോ ബാക്ക് വിളിച്ചത്. ”ഗോ ബാക്ക് യു.എം ഗോബാക്ക് യു.എം” എന്നായിരുന്നു മുദ്രാവാക്യം.

എന്നാല്‍ മുദ്രാവാക്യം വിളി രൂക്ഷമായതോടെ സ്റ്റേജില്‍ നിന്നും മുദ്രാവാക്യം നിര്‍ത്തണമെന്നും സമസ്തയുടെ അച്ചടക്കം പാലിക്കണമെന്നും മുദ്രാവാക്യം വിളിക്കുന്നവര്‍ പിരിഞ്ഞു പോകണമെന്നും വിളിച്ചു പറഞ്ഞെങ്കിലും മുദ്രാവാക്യം വിളി നിര്‍ത്താനോ പിരിഞ്ഞ് പോകാനോ പ്രവര്‍ത്തകര്‍ തയാറായിരുന്നില്ല.

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സമസ്തയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലര്‍ സമസ്തയുടെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിലും മുസ്ലിം ലീഗിലുമാണെന്നും അവരെ സമസ്തയുടെ നേതൃത്വം സംരക്ഷിക്കുകയാണെന്നും അന്ന് കുടുംബം ആരോപിച്ചിരുന്നു.

കസാര്‍ഗോട്ടെ സമസ്തയുടെ കീഴിലുള്ള എം.ഐ.സി ( മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ) സ്ഥാപനത്തിന്റേയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ആദ്യം മുതലേ ശ്രമിച്ചത് ഇയാളെന്നും സി.എം മൗലവിയുടെ പേരമകന്‍ റാഷിദ് അന്ന് ഡ്യൂള്‍ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

മരണം നടന്ന ആദ്യമണിക്കൂറില്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ചിലമന്ത്രിമാര്‍ കൂട്ടുനിന്നെന്നും കുടുംബം ആരോപിച്ചിരുന്നു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here