കണ്ണൂര്‍(www.mediavisionnews.in): അക്ഷരാര്‍ഥത്തില്‍ ചരിത്ര വിജയമാണ് കണ്ണൂരില്‍ കെ. സുധാകരന്റേത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ. സുധാകരന്റേത്. ഇതിനു മുന്‍പ് മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
ഇരു മുന്നണികള്‍ക്കും കണ്ണൂരില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച ചരിത്രമാണുള്ളത്. ആദ്യമത്സരത്തില്‍ എ.കെ.ജി. പാര്‍ലമെന്റില്‍ പോയെങ്കിലും പിന്നീട് 1977-ലെ മണ്ഡല പുനര്‍വിഭജനത്തിനുശേഷം കോണ്‍ഗ്രസ് പ്രതിനിധികളാണ് ലോക്സഭയിലെത്തിയത്. ഇതിനു മുന്‍പ് ആറു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന്‍ വിജയിച്ചത്. 2014-ല്‍ ആ വിജയം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ സുധാകരന്‍ നേടിയതുപോലുള്ള വമ്പിച്ച വിജയം കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
നിരവധി പ്രത്യേകതകളുള്ളതാണ് സുധാകരന്റെ ഈ വിജയം. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ നിയമസഭാ മണ്ഡലങ്ങള്‍ മാത്രമല്ല, സിപിഎമ്മിന്റെ കോട്ടകളും കടപുഴക്കിക്കൊണ്ടാണ് സുധാകരന്‍ വിജയത്തിലേയ്ക്കു കുതിച്ചത്. ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങള്‍ മാത്രമല്ല, സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലര്‍ത്താന്‍ സുധാകരന് കഴിഞ്ഞു. തളിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങള്‍ സിപിഎമ്മില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കണ്ണൂര്‍ മണ്ഡലത്തിലെ ഏഴു നിയോജമണ്ഡലത്തില്‍ നാലിലും വിജയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മൊത്തം ഭൂരിപക്ഷം ഒരു ലക്ഷത്തോളം വോട്ടുകളായിരുന്നു. തളിപ്പറമ്പിലും മട്ടന്നൂരിലും നാല്‍പ്പത്തിനായിരത്തിന് മുകളിലും ധര്‍മടത്ത് 36000ല്‍ അധികവും ഭൂരിപക്ഷം സിപിഎമ്മിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും കോട്ടയായ കണ്ണൂരും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ മണ്ഡലങ്ങളിലൊക്കെ സുധാകരന്റെ തേരോട്ടമായിരുന്നു ഇത്തവണ കണ്ടത്.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്‍റെ വധം, കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി. ന്യൂനപക്ഷ വോട്ടുകളുടെയും ഹിന്ദു വോട്ടുകളുടെയും സമാഹരണം സുധാകരന്റെ വന്‍ഭൂരിപക്ഷത്തിനു ബലമേകിയിട്ടുണ്ടെന്നു വേണം കരുതാന്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും ബിജെപി വിരുദ്ധതയും രാഹുല്‍ പ്രഭാവത്തിനൊപ്പം സുധാകരനെ പിന്തുണച്ചു.
ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനായി സുധാകരന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനൊപ്പം ശബരിമല വിഷയം സര്‍ക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തില്‍ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വോട്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊക്കെ പുറമെ കേരളത്തില്‍ മൊത്തത്തില്‍ വീശിയടിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം വ്യത്യസ്തവഴികളിലൂടെ, വ്യത്യസ്തരീതിയില്‍ വഴിതിരിഞ്ഞപ്പോള്‍ അത് കണ്ണൂരിലും ശക്തമായി പ്രതിഫലിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.