ഗോഡ്‌സെയാണോ ക്രൂരന്‍ രാജീവ് ഗാന്ധിയാണോ; പ്രജ്ഞാ സിങ് ഠാക്കൂറിനെ ന്യായീകരിച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെയും നളിന്‍ കുമാര്‍ കട്ടീലും

0
256

ന്യൂദല്‍ഹി (www.mediavisionnews.in) : ഗോഡ്സെ ദേശഭക്തനാണെന്ന വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞാ സിങ് ഠാക്കൂറിന് പിന്തുണയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമര്‍ ഹെഗ്‌ഡെയും ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കട്ടീലും. ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോള്‍ ഗോഡ്സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പ്രതികരണം.

ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നായിരുന്നു നളിന്‍ കുമാറിന്റെ പ്രതികരണം. ഒരാളെ കൊന്ന ഗോഡ്സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതല്‍ ക്രൂരനെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവന ബി.ജെ.പിയുടെ നിലപാടല്ലെന്ന് വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഠാക്കൂറിന് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുന്നത്.

ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംങ്.

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.

‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here