കേരളം, ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശം; പി.എസ്.ശ്രീധരന്‍ പിള്ള

0
486

തിരുവനന്തപുരം (www.mediavisionnews.in):  ദേശീയപാത വികസനത്തിന് ബി.ജെ.പിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ സിപിഎം ഭരണകൂടം ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്നും വികസനരംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയപാത വികസനത്തിന് തടസ്സം എന്താണെന്ന കാര്യം സര്‍ക്കാര്‍ ദല്‍ഹിയില്‍ പോയി അന്വേഷിക്കണമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കിയ കവറിലുള്ള കാര്യം എന്താണെന്ന് പുറത്ത് പറയാന്‍ തയ്യാറാകണമെന്നും പിള്ള പറഞ്ഞു.

വിവാദമുണ്ടാക്കുന്നവര്‍ എന്റെ കത്തിലെ അവസാന വരി വായിക്കാന്‍ തയ്യാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കില്‍ മാത്രം എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും വേണ്ടിയാണ് ഞാന്‍ കത്തയച്ചത്. മനസ്സാക്ഷിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിനു കത്തെഴുതിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്നാണ് ആരോപണം. കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസാണ് പുറത്തു വിട്ടത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രളയം കൂടി കണക്കിലെടുത്താകണം മുമ്പോട്ടു പോകേണ്ടതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here