കുമ്പള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി രണ്ടുവർഷം കഴിഞ്ഞു; വ്യാപാരികളടക്കം ആശങ്കയിൽ

0
208

കുമ്പള (www.mediavisionnews.in): : അപകടാവസ്ഥയിലായിരുന്ന കുമ്പള ബസ് സ്റ്റാൻഡ് സമുച്ചയം പൊളിച്ചുമാറ്റി രണ്ടുവർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ 28 വ്യാപാരസ്ഥാപനങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. തൊഴിലും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവർ പഞ്ചായത്തധികൃതരുടെ നടപടിയിൽ പ്രതിഷേധത്തിലാണ്. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്കായി താത്‌കാലിക ഷെഡ് മാത്രമാണുള്ളത്.

നൂറുകണക്കിന് യാത്രക്കാരെത്തുന്ന കുമ്പളയിൽ പ്രാഥമികാവശ്യത്തിനുപോലും സൗകര്യങ്ങളൊരുക്കിയിട്ടില്ല. കുമ്പളയിൽ നിരവധി സർക്കാർ സ്ഥാപനങ്ങൾ, ആസ്പത്രികൾ, സ്കൂളുകൾ. കോളേജുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. പുത്തിഗെ, മംഗൽപ്പാടി, ബദിയടുക്ക പഞ്ചായത്തിലെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള ആളുകൾ വ്യാപാരാവശ്യത്തിനായും കുമ്പളയിലാണെത്തുന്നത്. ദേശീയപാതയിലൂടെ കാസർകോട്ടുനിന്ന്‌ മംഗളൂരുവിലേക്ക് പോകുന്നതിനിടയിലുള്ള പ്രധാന കേന്ദ്രം കൂടിയാണിത്.

പഞ്ചായത്തധികൃതർ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ മൂന്നു വർഷത്തിനുള്ളിൽ പുതിയ വ്യാപാരസമുച്ചയം പണിയുമെന്നും വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ, മൂന്നുവർഷമാകാൻ ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നിർമാണത്തിനുള്ള യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. അന്നുണ്ടായിരുന്ന 28 വ്യാപാരസ്ഥാപനങ്ങളിൽ ഒൻപതുപേർ മാത്രമാണ് ഇപ്പോൾ കുമ്പളയിൽ സ്വകാര്യകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നത്.

ശേഷിക്കുന്നവർക്ക് വ്യാപാരം തുടങ്ങാനാവാത്ത അവസ്ഥയിലാണ്. പുതിയ കെട്ടിടസമുച്ചയത്തിനായി കാത്തിരിക്കുകയാണിവർ. ദേശീയപാത നാലുവരി പാതയാകുമ്പോൾ പെർവാഡ് മുതൽ ആരിക്കാടിവരെ സ്ഥലമെടുപ്പിന്റെ നടപടികൾ പൂർത്തിയാകാത്തതാണ് ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള സാങ്കേതിക തടസ്സമെന്ന് പഞ്ചായത്തധികൃതർ പറയുന്നത്. നിലവിൽ കെട്ടിടം പണിയാൻ ഉദേശിക്കുന്ന സ്ഥലത്തുകൂടി നാലുവരിപ്പാത കടന്നുപോകുമോയെന്ന ആശങ്കയും നിലനിൽക്കുന്നതായി പറയുന്നു.

മൂന്ന്‌ വർഷത്തിനുള്ളിൽ കെട്ടിടം പണിയുമെന്നും വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്ന കോടതി വിധി നിലനിൽക്കുകയാണ്. കാലാവധി തീരാറായതിനാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പള യൂണിറ്റ് പ്രസിഡന്റ് വിക്രം പൈ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here