കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ ജപ്തിയുമായി ബാങ്ക് എത്തി; ഗത്യന്തരമില്ലാതെ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

0
225

നെയ്യാറ്റിന്‍കര(www.mediavisionnews.in): ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ. അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.90 ശതമാനം പൊള്ളലേറ്റ അമ്മയുടെ നില അതീവ ഗുരുതരമാണ്.

സമയം നീട്ടി നല്കണമെന്നാവശ്യപ്പട്ടതിനെ തുടര്‍ന്ന് നല്‍കിയ സമയം ഇന്ന് അവസാനിക്കുകയായിരുന്നു. സമയം അവസാനിച്ചാല്‍ ജപ്തിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സമയമവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാങ്കില്‍ നിന്ന് ഫോണ്‍വിളി വന്നതിന് ശേഷമാണ് ദുരന്തം നടന്നത്. അനുവദിച്ച സമയം ഇന്ന് അവസാനിച്ചുവെന്നാണ് ബാങ്ക് പറയുന്നത്.

പതിനഞ്ച് വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര കനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഇവര്‍ വായ്പ എടുത്തിരുന്നു. പലിശസഹിതം തിരിച്ചടയ്‌ക്കേണ്ടത് ആറ് ലക്ഷത്തിഎണ്‍പതിനായിരം രൂപയാണ്. വിദേശത്തെ ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് തിരികെ വന്നതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം.

അതേ സമയം ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here