കൊച്ചി(www.mediavisionnews.in): പ്രമാദമായ കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച് ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്ത്യം ഹൈക്കോടതി റദ്ദാക്കി. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇമാം ഹുസൈനെ വെറുതെ വിട്ടത്.
1993 ഒക്ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
വീടിന് സമീപത്തെ തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട ശേഷം മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി കുഴിയില്‍ മൂടിയെന്നും ശ്രീമതി ഭട്ടിനെ പിന്നീട് കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
സംഭവം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടകത്തിലെ നിലമംഗലത്തുവെച്ചാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇമാം ഹുസൈനെ പിടികൂടിയത്. ഇമാം ഹുസൈനെ ദമ്പതികളുടെ വീട്ടിലെത്തിച്ചു എന്നു പറയുന്ന ടാക്സി ഡ്രൈവര്‍ യു.അഹമ്മദിന്റെ മൊഴിയും വഴിത്തിരിവായി.
ഇരുപത് വര്‍ഷത്തിന് ശേഷം നടന്ന വിചാരണ വേളയിലും അഹമ്മദ്, ഇമാം ഹുസൈനെ തിരിച്ചറിഞ്ഞു. ഇതാണ് ശിക്ഷയിലേക്ക് നയിച്ചത്. ഒരാളെ ഒരു പ്രദേശത്ത് കണ്ടു എന്നത് മാത്രം ശിക്ഷിക്കാന്‍ കാരണമല്ലെന്നു ഹൈക്കോടതി വിധിയില്‍ പറയുന്നു.
കൊല നടന്ന വീട്ടില്‍ ആ സമയത്ത് ഇമാം ഹുസൈന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. ശ്രീമതി ഭട്ടിന്റെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരലടയാളമുണ്ടായിരുന്നു. പക്ഷെ, പ്രതി മുമ്പും ആ വീട്ടില്‍ പോയിട്ടുള്ളയാളാണ്. അതിനാല്‍ വിരലടയാളം കൊണ്ടു മാത്രം ശിക്ഷിക്കാനാവില്ല. ശിക്ഷിക്കാനുതകുന്ന സാഹചര്യത്തെളിവുകള്‍ ഈ കേസിലില്ലെന്നും ഹൈക്കോടതി വിധി പറയുന്നു.
ഇമാം ഹുസൈന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി വിജയഭാനു, വിപിന്‍ നാരായണ്‍ എന്നിവര്‍ ഹാജരായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.