സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ കൈയ്യേറുന്നവർക്കെതിരെ കര്‍ശന നടപടി

0
436

തിരുവനന്തപുരം(www.mediavisionnews.in):  സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി. ഇതിനായി ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഈ ഷാഡോ സംഘം കണ്ടെത്തുന്ന നിയമ ലംഘകരെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കുന്ന പദ്ധതിയാണ്‌ മോട്ടോര്‍വാഹന വകുപ്പ് വിഭാവനം ചെയ്യുന്നത്. ഇതിനായി പ്രത്യേക പരിശോധന ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവരണ സീറ്റ് കൈവശപ്പെടുത്തുന്നവരോട് അത് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടാത്ത ബസ് ജീവനക്കാര്‍ക്കെതിരേയും നടപടി ഉണ്ടാകും. സ്ത്രീകള്‍, മുതിര്‍ന്നവര്‍, വികലാംഗര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി നിശ്ചിത എണ്ണം സീറ്റുകള്‍ ബസില്‍ ഒഴിച്ചിടണമെന്നാണ് നിയമം. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിട്ടുള്ളത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി അഞ്ച് ശതമാനം സീറ്റു വീതവും നീക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന 44 ശതമാനമാണ് ജനറല്‍ സീറ്റ്.

ഈ സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ മിക്ക ബസുകളിലും ഇത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് പരാതി. സ്വകാര്യ ബസുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ പലപ്പോഴും മറ്റു യാത്രക്കാര്‍ കൈയ്യേറുന്നതായി കാട്ടി മുതിര്‍ന്ന പൗരന്‍മാരുടെ സംഘടനയും വികലാംഗ അസോസിയേഷനും മോട്ടോര്‍ വാഹനവകുപ്പിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഷാഡോ പോലീസിന്‍റെ സഹായത്തോടെ കോട്ടയത്ത് നിയമലംഘകരായ സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here