സി.എം ഉസ്താദിനെ കൊന്നു കടലില്‍ എറിഞ്ഞത് കൂടെ നടന്നവര്‍ തന്നെയാണ്; തെളിവുകള്‍ നിരത്തി ചെമ്പരിക്ക ഖാസിയുടെ പേരമകന്‍

0
577

കാസര്‍ഗോഡ്(www.mediavisionnews.in): ചെമ്പരിക്ക ഖാസിയും ഇ.കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയതെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി. ദുരൂഹതകള്‍ തുറന്നു കാട്ടി തെളിവുകള്‍ നിരത്തിയാണ് സലിം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്, പരസഹായമില്ലാതെ സി.എം ഉസ്താദിന് 900 മീറ്റര്‍ നടക്കാനും അവിടെന്ന് പാറക്കെട്ട് ചാടിക്കടക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല, 76 വയസ്സായ ഉസ്താദിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് 6 മാസം മുമ്പ് മേജര്‍ സര്‍ജറി കഴിഞ്ഞ സ്ഥിതിക്ക്, കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്, ആത്മഹത്യ വാദത്തിനായി സിബിഐ പറയുന്ന കാരണം കരളിന് ഏറ്റ ഒരു മാരകമായ രോഗമാണ്.

അതേസമയം ഇത് വരെ പെയിന്‍ കില്ലറുകള്‍ ഉപയോഗിച്ചതായി സി.ബി.ഐ ഒരിടത്തും പറയുന്നില്ല. പാറക്കെട്ടുകള്‍ ഉള്ള കടലിലേക്ക് ചാടിയതാണങ്കില്‍ തലയ്‌ക്കോ, മുന്‍ഭാഗത്തോ അല്ലെങ്കില്‍ പിന്‍ ഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യത ഇല്ല. തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലിം രംഗത്തെത്തിയിരിക്കുന്നത്.

‘ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ടു ദുരൂഹമരണങ്ങളെ കുറിച്ചും അന്വേഷണം നടന്നിട്ടില്ല. ഒരാള്‍ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഒരു രാത്രിയില്‍ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്. മറ്റൊരാള്‍ കാണിയ മഹ്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ കോളായിരുന്നു. ഈ മരണങ്ങളൊന്നും സി.ബി.ഐ ഗൗരവത്തിലെടുത്തില്ല’ സലിം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ട് ആയിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെക്കുറിച്ച് ഇനിയും ബോധവാന്മാരാവാത്തവരുണ്ട് എന്നറിയുമ്പോഴാണ് ഏറെ സങ്കടമാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഫോണ്‍ കോളുകളും മെസ്സേജുകളും അതെനിക്ക് മനസ്സിലാക്കിത്തന്നു. ആ വിഭാഗത്തില്‍ നേതൃത്വമോ അണികളോ മറ്റുള്ളവരോ എന്ന വെത്യാസമുണ്ടായിരുന്നില്ല.

ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ സി.എം ഉസ്താദിനെ കൊന്നു കടലില്‍ എറിഞ്ഞത് മറ്റാരുമല്ല. കൂടെ നടന്നവര്‍ തന്നെയാണ് സി എം ഉസ്താദിനെ കൊന്നത്. ഒരു സാധാരണക്കാരന് സി എം ഉസ്താദിനെ ഭയപ്പെടേണ്ടി വന്നിട്ടില്ല. സ്ഥാപനത്തിലും തന്റെ ഖളാഇന്റെ പരിധിയിലും നീതി നടപ്പിലാക്കിയ അദ്ദേഹത്തെ എന്തിനാണ് സാധാരണക്കാര്‍ വെറുക്കുന്നത്? അതിന്റെ ഒരാവശ്യവും ഇന്നേവരെയുണ്ടായിട്ടില്ല.

ഞങ്ങളാരും ആദ്യം കൊലപാതകികളെക്കുറിച്ചുള്ള സൂചനകളില്‍ വിശ്വസിച്ചിരുന്നില്ല. പിന്നീട് വിശ്വസിക്കേണ്ടി വന്നു. അകലെ നിന്ന് കളി കാണാതെ അകത്തിരുന്ന് കളി കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇവിടെ.

പലരുടെയും സംശയം വീട് പൂട്ടിയതിനെക്കുറിച്ചായിരുന്നു.

ഉസ്താദിന്റെ മയ്യത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ വീട് പൂട്ടിയ അവസ്ഥയിലാണ്. ആ വീട് സി എം ഉസ്താദ് പൂട്ടിയതാണെങ്കില്‍ വിരലടയാള പരിശോധകരെ കൊണ്ടുവന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാമായിരുന്നിനില്ലെ. പിന്നെ എന്തിനാണ് ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ പൂട്ട് പൊളിക്കാന്‍ നേതൃത്വം നല്‍കിയത്? എന്നും കടപ്പുറത്ത് എത്തുന്ന പൂഴി സംഘങ്ങളോട് അന്ന് പൊലീസ് ചെക്കിങ്ങുണ്ടെന്ന് പറഞ്ഞത് ആരായിരുന്നുനു? അന്ന് രാത്രി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിട്ടുണ്ടായിരുന്നു. പാതിരാ നേരത്ത് ഒരു വെളുത്ത കാര്‍ കണ്ടവരുമുണ്ട്. ഒരലര്‍ച്ച പ്രദേശവാസികള്‍ കേട്ടതായി മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊക്കൊ അന്വേഷണം കൃത്യമായി നടത്തിയില്ല.

ഇനി സി.എം ഉസ്താദിന്റെ കൊലപാതകം ആവാതിരിക്കാനുള്ള സാധ്യതകള്‍ ആരായുന്നവരോടാണ് പറയാനുള്ളത്. മൂന്ന് സാധ്യതകളാണ് ഇവിടെയുള്ളത്. ഒന്ന് കൊലപാതകം, രണ്ട് അപകടമരണം, മൂന്ന് ആത്മഹത്യ.

സി.എം ഉസ്താദ് ഗോള ശാസ്ത്രജ്ഞനായതുകൊണ്ടും ഇസ്മിന്റെ മറ്റ് ആവശ്യങ്ങള്‍ക്കും കടപ്പുറത്ത് എത്തിയപ്പോള്‍ അപകടം സംഭവിച്ചതാവാം എന്നതാണ് ചിലരുടെ സംശയരോഗം.

എങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നമുക്ക് നോക്കാം. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണാല്‍ എങ്ങനെ ഈ മുറിവുകള്‍ എങ്ങനെ സംഭവിച്ചു? കണ്ണിന്റെ മൂലയില്‍ എങ്ങനെ മുറിവുണ്ടായി? വെള്ളത്തില്‍ വീഴുമ്പോള്‍ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക? കുറ്റിക്കാട്ടില്‍ വലിച്ചിചിഴച്ച് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലില്‍ പറ്റിയത്? എങ്കില്‍ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ കടലിനെക്കുറിച്ച് എല്ലാം മനസിലാക്കിയ ഒരാള്‍ രക്ഷപ്പെടുകയല്ലെ വേണ്ടത്? കടലില്‍ വീണ് കഴുത്തെല്ല് പൊട്ടിയ എത്ര സംഭവമാണ് കേരളത്തില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് ഈ സംശയവാദക്കാരോട് ചോദിക്കുകയാണ്. ഇനി തന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ വീട് പൂട്ടി പാതിരാവില്‍ പുറത്ത് പോവുന്ന ശീലം സി.എം ഉസ്താദിനുണ്ടായിരുന്നില്ല. മാത്രമല്ല, വീട്ടില്‍ പറയാതെ പുറത്ത് പോവാറുമില്ല.

ഉപ്പാപ്പയുടെ മരണം ആത്മഹത്യയല്ല എന്ന് ഉറച്ച് വിശ്വസിക്കാനുള്ള കാരണങ്ങള്‍ ഇതൊക്കയാണ്.

  1. നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്.

2.പരസഹായമില്ലാതെ സി.എം ഉസ്താദിന് 900 മീറ്റര്‍ നടക്കാനും അവിടെന്ന് പാറക്കെട്ട് ചാടിക്കടക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല.

  1. 76 വയസ്സായ ഉസ്താദിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പ്രേതേകിച്ച് 6 മാസം മുമ്പ് മേജര്‍ സര്‍ജറി കഴിഞ്ഞ സ്ഥിതിക്ക്.

4.കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്.

5.ആത്മഹത്യ വാദത്തിനായി സിബിഐ പറയുന്ന കാരണം കരളിന്‍ ഏറ്റ ഒരു മാരകമായ രോഗമാണ്. അതേസമയം ഇത് വരെ പെയിന്‍ കില്ലറുകള്‍ ഉപയോഗിച്ചതായി സിബിഎ ഒരിടത്തും പറയുന്നില്ല.

  1. പാറക്കെട്ടുകള്‍ ഉള്ള കടലിലേക്ക് ചാടിയതാണങ്കില്‍ തലയ്‌ക്കേ, മുന്‍ഭാഗത്തോ അല്ലെങ്കില്‍ പിന്‍ ഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല.
  2. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യത ഇല്ല.
  3. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കണ്ണിന്റെ രണ്ട് വഷത്തെയും മുറിവുകള്‍, കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. അതും രക്തം കട്ട കെട്ടിയ രൂപത്തിലുള്ള പരിക്ക്.
  4. കഴുത്തിനുള്ള പരിക്ക് അകത്തെ എല്ല് പെട്ടിയതാണ്. ഇത് ചാടുമ്പോള്‍ പൊട്ടിയത് ആണെങ്കില്‍ കറസ്‌പോണ്ടന്‍ഡിംഗ് പരിക്കുകളും തലക്കു മറ്റോ ഉണ്ടാവേണ്ടതാണ്.
  5. പാറയില്‍ കാണപ്പെട്ട ചെരുപ്പ്, വടി, ടോര്‍ച്ച് വളരെ ഭദ്രമായി അടക്കി വെച്ചതായിട്ടാണ് കാണപ്പെട്ടത് (കൊണ്ട് വെച്ചത് പോലെ)

എന്ത് കൊണ്ട് കൊലപാതകം, അതിനീ കാരണങ്ങളാണുള്ളത്,

  1. ചെമ്പരിക്ക ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ടു ദുരൂഹമരണങ്ങളെ കുറിച്ചും അന്വേഷണം നടന്നിട്ടില്ല. ഒരാള്‍ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഒരു രാത്രിയില്‍ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്. മറ്റൊരാള്‍ കാണിയ മഹ്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ കോളായിരുന്നു. ഈ മരണങ്ങളൊന്നും സി ബി ഐ ഗൗരവത്തിലെടുത്തില്ല.
  2. കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്ന വ്യക്തി രാത്രി 3 മണി സമയത്ത് വെളുത്ത കാര്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയിട്ടുണ്ട് തുടരന്വേഷണം നടന്നില്ല.
  3. അന്നേദിവസം തന്നെ രാത്രി ഒരാളുടെ അലര്‍ച്ച കേട്ടതായി അയല്‍വാസി സ്ത്രീയുടെ സാക്ഷിമൊഴിയുണ്ട്.
  4. സ്ഥിരമായി മണല്‍ കടത്തുന്ന കടപ്പുറത്ത് അന്ന് മാത്രം മണല്‍കടത്തിന് ആരും വന്നിട്ടില്ല.
  5. അന്ന് അസാധാരണമായി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചക്കപ്പെട്ടിരുന്നു.
  6. ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് അറസ്റ്റ് നടക്കുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് സി.ബി.ഐ ഓഫീസര്‍ ലാസര്‍ സ്ഥലം മാറ്റപ്പെട്ടത് ഉന്നതരുടെ ഇടപെടല്‍ മൂലം എന്ന് സംശയിക്കപ്പെടുന്നു.
  7. ലോക്കല്‍ പോലീസ് തെളിവുകള്‍ നശിപ്പിച്ചു. ഉസ്താദിന്റെ ചെരുപ്പ്, ഊന്നുവടി, ടോര്‍ച്ച് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നില്ല. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്നിട്ടില്ല. വിരലടയാള വിദഗ്ധര്‍ വളരെ വൈകിയാണ് എത്തിയത്. വീട്ടുകാരുടെ മൊഴി എടുക്കാന്‍ വന്നത് തന്നെ 13 ദിവസങ്ങള്‍ കഴിഞ്ഞ്. വീട്ടുകാരുടെ ദുഃഖം കാരണം മാറി നിന്നതാണത്ര.

കോടതി അപകട മരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ. ആത്മഹത്യാ വാദവുമായി വന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെ കോടതി രണ്ടു പ്രാവശ്യമാണ് തള്ളിയത്. ഇത്രയും അന്വേഷിച്ച് ഒന്നും കണ്ടെത്താന്‍ കഴിയാത്തതല്ല. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം കേസിനെ
അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കോടതി അതിനെയൊക്കെ തടയിടുകയും ചെയ്തു.

കേസിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ജസ്റ്റിസ് കമാല്‍ പാഷ ഇത് കൊലപാതകമാണെന്നും പിന്നില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്നും സമസ്ത നേതാക്കളോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു. വന്‍ പ്രക്ഷോഭം നടത്തി കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് അദ്ദേഹം ഉപദേശം നല്‍കിയത്. ഇല്ലെങ്കില്‍ സമുദായത്തോട് നിങ്ങള്‍ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇനി കളികള്‍ ഏതൊക്കെയെന്ന് നോക്കാം.

2010 ഫെബ്രുവരി 15 മുതല്‍ സി എം ഉസ്താദിനെ കൊലപാതകത്തെ കുടുംബപ്രശ്‌നമാക്കിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്. സംഘടനയുടെ നേതൃത്വത്തൈ ഇത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ആരാണ് ഇതിന് പിന്നില്‍? മാത്രമല്ല അന്നു തന്നെ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ അതിന്റെ കീഴില്‍ ഒരു സമരംപോലും സംഘടിപ്പിച്ചതുമില്ല. ഇത് ഉയര്‍ന്നുനു വരുന്ന പ്രതിഷേധത്തെ തടയിടാനുള്ള ശ്രമമായിരുന്നു എന്ന് സംശയിക്കുന്നത് ന്യായമല്ലൈ? സി എം ഉസ്താദ് സ്ഥാപിച്ചതും മരിക്കുന്നതുവരെ പ്രസിഡന്റുമായിരുന്ന ചട്ടഞ്ചാല്‍ എം.ഐ.സി ഇതുവരെ ഏതെങ്കിലും തരത്തില്‍ ലീഗല്‍ മൂവ്‌മെന്റ് കേസില്‍ നടത്തിയിട്ടുണ്ടോ? സമര രംഗത്തേക്ക് വന്നിട്ടുണ്ടോ? ഇല്ല. ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ സംശയം. ഞങ്ങളുടേത് മാത്രമല്ല സംഘടനാ നേതാക്കളുടെയും സംശയവും ഇതൊക്കെ തന്നെയാണ്.

സത്താര്‍ സാഹിബിന്റെ ഫേസ്ബുബുക്ക് പോസ്റ്റ് കാണുക.

‘ചെമ്പരിക്ക കടലില്‍ മയ്യിത്ത് കണ്ടെത്തിയത് മുതല്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്ന ഈ സമയത്തും കേസില്‍ സത്യാവസ്ഥ പുറത്ത് വരണമെന്ന കാര്യത്തില്‍ സമസ്തയിലോ കീഴ്ഘടകങ്ങളില്ലാ രണ്ടഭിപ്രായമില്ല. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വിഷയത്തില്‍ മറ്റുള്ളവരേക്കാള്‍ ആര്‍ജവത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവര്‍ അലംഭാവം കാണിച്ചതിന് സമസ്ത ഉത്തരവാദിയല്ല. അതില്‍ സഹപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രമുഖര്‍ , സ്ഥാപന മാനേജ്‌മെന്റ് ലരേ… അങ്ങനെ പലരുമുണ്ടാകാം .
ഇനി ഇടപെടുന്നുവെന്ന വ്യാജേന ഒട്ടേറെ ആക്ഷന്‍ കമ്മിറ്റികള്‍ അക്കാലത്ത് കാസര്‍ഗോഡ് പ്രദേശങ്ങളില്‍ രംഗത്ത് വന്നിരുന്നു. ഒരേ വിഷയത്തില്‍ ഒട്ടേറെ ആക്ഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. അവര്‍ എവിടെപ്പോയി ? അവരുടെ ഉദ്ദേശമെന്തായിരുന്നു ? ഇക്കാര്യത്തില്‍ അവരുടെ സംഭാവന എന്തൊക്കെയാണ് ? അവര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന സമീപനമെന്താണ് ?’

അനീതികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ബഹുമാനപ്പെട്ട ഡോ.ബഹാവുദ്ദീന്‍ നദ് വി 2019 മാര്‍ച്ച് 10 സുപ്രഭാതം ദിനപത്രത്തില്‍ എഴുതിയതിങ്ങനെയാണ്, ”സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവില്‍ നിഷ്‌ക്കാസനം ചെയ്തു പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില ദുഃശ്ശക്തികള്‍ നടത്തുന്നത്. അദ്ദേഹം വിയര്‍പ്പൊഴുക്കി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരായതെന്നാണ് കാസര്‍ഗോഡ് മേഖലയിലെ ചില അഭിജ്ഞവൃത്തങ്ങളുടെ നിഗമനം.’

സി.എം ഉസ്താദിനെ മരണം കൊലപാതകമാണെന്ന് ആദ്യം വിളിച്ചുപറഞ്ഞ എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസിയെ ഭീഷണിപ്പെടുത്തിയാളെക്കുറിച്ച് അന്വേഷണം നടത്തണ്ടേ. മാത്രമല്ല ഹമീദ് ഫൈസി അമ്പലക്കടവിനോട് സി.എം ഉസ്താദിന്റെ മരണം സംഭവിച്ചയന്ന് തന്നെ ആത്മഹത്യയാണെന്ന രീതിയില്‍ സംസാരിച്ച പ്രമുഖ വ്യക്തിയെ കുറിച്ച് അറിയണ്ടെ? സംഘടനാബന്ധവും രാഷ്ട്രീയ ബന്ധവും പരിശോധിക്കുമ്പോള്‍ തന്നെ കാര്യങ്ങളൊ എളുപ്പത്തില്‍ തിരിച്ചറിയാമല്ലോ?

കാര്യങ്ങള്‍ ഇത്രമാത്രമാണ്. സി.എം ഉസ്താദ് സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നത് കൊണ്ട് തന്നെ, മരണത്തില്‍ ദുരൂഹതയുണ്ടാവുകയും കൊലപാതകമാണെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ സംഘടനാ തലത്തില്‍ ഒരു അന്വേഷണമാണ് നടക്കേണ്ടത്.

രണ്ടാമതായി, ജനകീയ പ്രക്ഷോഭം വഴി കൊലയാളികളെ കണ്ടെത്താനാവണം. സുദായത്തിന് സംഘടനകള്‍ കൊണ്ടും, രാഷ്ട്രീയം നേതൃത്വം കൊണ്ടും ഇത്രയേറെ സ്വാധീനങ്ങള്‍ ഉള്ളപ്പോള്‍ പത്തു വര്‍ഷമായി കേസ് തെളിയാതെ കിടക്കുന്നത് നമ്മുടെ പിഴവ് തന്നെയാണ്.

കൊലയാളി മാഫിയകള്‍ സമുദായത്തെ മുഴുവനും വിലക്ക് വാങ്ങിയിരിക്കുകയാണോ? എന്താണ് നാം മനസ്സിലാക്കേണ്ടത്. ഇത്തരം മുഖം മൂടി ധരിച്ചചെന്നായ്ക്കൂട്ടങ്ങളെ നിയമത്തിന്റെ വഴിയിലൂടെ തടവറയിലയക്കാതെ ഈ സമുദായ ദൗത്യങ്ങളൊന്നും പൂര്‍ത്തിയാവുകയില്ല.

***ശാരീരകമായും- മാനസീകമായും-സാമ്പത്തികമായും കുടുംബത്തെ വേട്ടയാടുന്ന വമ്പന്‍ സ്രാവുകളെ ചെറു വിരല്‍ അനക്കിയാണെങ്കിലും ഞങ്ങള്‍ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും.(സി.എം ഉസ്താദിനെ കൊന്നവര്‍ക്ക്, ഞങ്ങളെയൊക്കെ ഇല്ലാതാക്കല്‍ വലിയ പ്രശ്‌നമല്ലെന്ന് അറിയാം)


ഇനി നടപടിയെക്കുറിച്ച്,

അച്ചടക്ക നടപടിയെടുത്ത അന്വേഷണ കമ്മിറ്റിയുടെ നീതിപൂര്‍വമല്ലാത്ത സമീപനമാണ് ഉണ്ടായത്. യാതൊരു രീതിയിലുള്ള വിശദീകരണം തേടാതെ ചിലരെ മാത്രം തേടിപ്പിടിച്ച് നടപടിയെടുത്തത് ഏകപക്ഷീയമാണ്. എന്നാല്‍ പത്രക്കുറിപ്പില്‍ വന്ന ആരോപണം നിഷേധിച്ച് എന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് സാബിര്‍ രംഗത്തെത്തിയിരുന്നു.

ഈ പേരുകള്‍ നിര്‍ദ്ദേശിച്ചത് ജില്ലാകമ്മിറ്റിയാണെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് സംശയമുണ്ട്. ഉത്തരവാദപ്പെട്ട അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിയില്ല എന്നു തന്നെയാണ് തോന്നുന്നത്. കേസില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ഹുദവി കുടുംബത്തിന് സൂചന നല്‍കാനാണ് ഈയൊരു ശ്രമമെങ്കില്‍ അത് നടപ്പാവുമെന്ന് ഞാന്‍ കരുതുന്നില്ല. ഏതോ ഒരാള്‍ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എത്രമേല്‍ അപഹാസ്യകരമാണ്.

ഇവിടെയൊരു ചോദ്യം:

സി.എം ഉസ്താദിന്റെ കൊലപാതകമല്ല ആത്മഹത്യയാണെന്ന് പരസ്യമായും അല്ലാതയും പറഞ്ഞ ‘വൈസ് പ്രസിഡന്റിനെതിരെ’ ഒരു വിശദീകരണം പോലും ചോദിക്കാന്‍ കഴിയാത്ത, അന്വേഷണം നടത്താന്‍ പോയിട്ട് പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത ജില്ലാ നേതൃത്വത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ച് വല്ലാണ്ട് ഞാന്‍ പറയേണ്ടതില്ലല്ലോ?

കേസിനെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ പരിശോധന നടത്താവുന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here