ദില്ലി(www.mediavisionnews.in): 17- ആം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലപ്രഖ്യാപനമെത്തി. ഇന്ന് വൈകുന്നേരമാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായെന്ന അറിയിപ്പോടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയത്. ബിജെപി 303 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 52 സീറ്റുകളാണ്.
ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍ നടന്നതെങ്കിലും ചില ബൂത്തുകളിലുണ്ടായ തര്‍ക്കവും വിവിപാറ്റ് എണ്ണലും കാരണം ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ഡിഎംകെ 23 സീറ്റ് നേടിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍സിപി എന്നിവര്‍ 22 സീറ്റ് വീതം നേടി.
ശിവസേന (18), ജെഡിയു (16), ബിജെഡി (12), ബിഎസ്പി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാര്‍ട്ടികള്‍. ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേടിയത് അഞ്ച് സീറ്റ് മാത്രമാണ്. ടിആര്‍എസ് ഒമ്പതും ടിഡിപി മൂന്നും സീറ്റാണ് നേടിയത്. ആംആദ്മിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്.
ഇടതുപാര്‍ട്ടികളായ സിപിഎം സിപിഐ എന്നിവയ്ക്ക് യഥാക്രമം മൂന്നും രണ്ടും സീറ്റാണു ലഭിച്ചത്. ഇതില്‍ സിപിഎമ്മിന്റെ ഒരു സീറ്റ് കേരളത്തിലും രണ്ട് സീറ്റുകള്‍ തമിഴ്‌നാട്ടിലുമാണ്. സിപിഐയ്ക്ക് ലഭിച്ച രണ്ട് സീറ്റും തമിഴ്‌നാട്ടിലാണ്. സിപിഐ കേരളത്തില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതോടൊപ്പം തന്നെ ഏറ്റവുമധികം വനിതകള്‍ ലോക്സഭയിലെത്തിയതിന്റെ റെക്കോഡ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ലഭിച്ചു.സഭയില്‍14 ശതമാനം വനിതകളാണ് ഇത്തവണ എത്തുന്നത്. 542 എംപിമാരില്‍ 78 വനിതകളാണ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.