രാഹുല്‍ ഗാന്ധി പദയാത്ര നടത്തണമെന്ന് ആവശ്യം; രാഹുലിന് മാതൃകയാക്കാന്‍ രണ്ട് പേരുണ്ട്

0
219

ന്യൂദല്‍ഹി(www.mediavisionnews.in): കോണ്‍ഗ്രസ് സംഘടന തലത്തില്‍ കടുത്ത മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും പ്രധാന പാര്‍ട്ടി പദവികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് സിംഗ്‌വിയുടെ പ്രതികരണം.

അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ ആലോചനകളെ കുറിച്ചും സിംഗ്‌വി പ്രതികരിച്ചു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക് പറയട്ടെ, രാഹുല്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറരുത്. അത് ബിജെപിയുടെ തീരുമാനത്തിനൊത്ത് നമ്മള്‍ പോവുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തണമെന്നും സിംഗ്‌വി അഭിപ്രായപ്പെട്ടു. 90ഓ 180 ദിവസമോ നീണ്ടുനില്‍ക്കുന്ന പദയാത്ര നടത്തണം. തീര്‍ച്ചയായും അത് ജനങ്ങളുമായി ബന്ധപ്പെടാന്‍ കൂടുതല് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

അഭിഷേക് സിംഗ്‌വി നിര്‍ദേശിച്ച പദയാത്ര എന്ന സങ്കല്‍പ്പം മറ്റൊരു കോണ്‍ഗ്രസ് നേതാക്കളും ഇത് വരെ രാഹുലിന് മുമ്പില്‍ നിര്‍ദേശിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി സിംഗ്‌വിയുടെ ഈ നിര്‍ദേശം സ്വീകരിക്കുകയാണെങ്കില്‍ മാതൃകയാക്കാന്‍ കഴിയുന്ന രണ്ട് പേരുണ്ട്. ഒരാള്‍ പഴയ കോണ്‍ഗ്രസും ഒരാള്‍ നിലവില്‍ കോണ്‍ഗ്രസുകാരനുമായ വ്യക്തിയുമാണ്.

ആന്ധ്ര മുഖ്യമന്ത്രിയാവാന്‍ പോകുന്ന ജഗമോഹന്‍ റെഡ്ഡിയാണ് ഒരാള്‍. 2009ല്‍ കോണ്‍ഗ്രസ് വിട്ട ജഗമോഹന്‍ റെഡ്ഡി വൈ.എസ്ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. നിരവധി പ്രതിസന്ധികളാണ് ജഗമോഹന്‍ നേരിട്ടത്. തന്നോടൊപ്പം ഉണ്ടായിരുന്ന എംപിമാരെയും എംഎല്‍എമാരെയും തെലുങ്ക് ദേശം കൊണ്ടുപോയി. എന്‍ഫോഴ്‌സ്‌മെന്റ് കേസുകള്‍ പിന്നില്‍. പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് പോയി.

2017ലാണ് ജഗന്‍ തന്റെ പിതാവ് നേരത്തെ നടപ്പിലാക്കിയ അതേ പദ്ധതി നടപ്പിലാക്കിയത്. 3000 കിലോമീറ്റര്‍ പദയാത്ര. 2017 നവംബര്‍ 6ന് പ്രജ സങ്കല്‍പ്പ പദയാത്ര എന്ന പേരില്‍ ആരംഭിച്ച ഈ ജാഥ സംസ്ഥാനത്തെ 13 ജില്ലകളിലായി കിടക്കുന്ന 125 നിയോജക മണ്ഡലങ്ങളിലും എത്തി. 2019 ജനുവരി 7നാണ് പദയാത്ര അവസാനിച്ചത്. പദയാത്രക്ക് മുമ്പുള്ള ജഗനും യാത്രക്ക് ശേഷമുള്ള ജഗനും രണ്ടായിരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. ജഗന്റെ പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയിച്ചു കയറുകയും അധികാരത്തിലെത്താനും പോവുന്നു.

രണ്ടാമത്തെ വ്യക്തി കേരളത്തില്‍ നിന്നുള്ളയാളാണ്, പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് എംപി വി.കെ ശ്രീകണ്ഠന്‍. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ ഡിസിസി അദ്ധ്യക്ഷനായിരിക്കേ ജയ്‌ഹോ എന്ന പേരില്‍ പാലക്കാട് ജില്ലയിലാകെയുള്ള 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭയിലും എത്തുന്ന പദയാത്രയാണ് സംഘടിപ്പിച്ചത്.

361 കിലോമീറ്റര്‍ ദൂരമാണ് ശ്രീകണ്ഠന്‍ കാല്‍നടയായി സഞ്ചരിച്ചത്. സംഘടന ഇല്ലാത്ത സ്ഥലങ്ങളില്‍ സംഘടന ഉണ്ടാക്കാനും ഉള്ള ഇടങ്ങളില്‍ ശക്തിപ്പെടുത്താനും പദയാത്ര കൊണ്ട് കഴിഞ്ഞു. യാത്രക്ക് മാസങ്ങള്‍ക്കിപ്പുറം പാലക്കാട് മണ്ഡലം പിടിച്ചെടുക്കാനും ശ്രീകണ്ഠന്‍ വിജയിക്കുകയും ചെയ്തു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here