യു.പിയില്‍ പരസ്പരം പോരടിച്ച് തിരിച്ചടി ഏറ്റുവാങ്ങി മഹാസഖ്യവും കോണ്‍ഗ്രസും

0
219

ഉത്തര്‍പ്രദേശ്‌ (www.mediavisionnews.in):  ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയേക്കാള്‍ ബഹുദൂരം മുമ്പിലായിരുന്ന മഹാസഖ്യം തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് കാരണം കോണ്‍ഗ്രസെന്ന് കണക്കുകള്‍. മഹാസഖ്യത്തിന് പുറത്ത് ബി.ജെ.പിക്കെതിരെ എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച പാര്‍ട്ടി 12 സീറ്റുകളില്‍ നേര്‍ക്കു നേരെ ബി.എസ്.പി-എസ്.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ വോട്ടുബാങ്കാണ് തങ്ങള്‍ ചോര്‍ത്തുന്നതെന്ന പ്രിയങ്കാ ഗാന്ധിയുടെ അവകാശവാദം ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് ശരിയായിരുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചത്.

2014ലെ അതേ വര്‍ഗീയ ധ്രുവീകരണമാണ് 2019ലും യു.പിയില്‍ ദൃശ്യമായത്. എന്നാല്‍ ജാതി തിരിച്ചുള്ള കണക്കുകളില്‍ യു.പിയിലെ 40ല്‍ അധികം സീറ്റുകളില്‍ മഹാസഖ്യമായിരുന്നു മുമ്പില്‍. 2014ല്‍ വര്‍ഗീയ കലാപം തുണച്ച പശ്ചിമ യു.പിയിലെ 8 സീറ്റുകളില്‍ 5 ഇടത്തും എസ്.പി-ബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുകളുണ്ടായിരുന്നു. മീറത്ത്, ഗാസിയാബാദ്, മുസഫര്‍നഗര്‍ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു എന്‍.ഡി.എക്ക് മുന്‍തൂക്കമുണ്ടായിരുന്നത്.

സഹാരണ്‍പൂര്‍ ബി.ജെ.പിയില്‍ നിന്നും തിരിച്ചു പിടിച്ചതു മാത്രമാണ് നേട്ടം. മികച്ച പോരാട്ടം കാഴ്ച വെക്കുന്നതില്‍ മാത്രമല്ല ചിലയിടത്ത് സഖ്യത്തെ പരാജയപ്പെടുത്തുന്നതിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് തടസ്സമായത്. അജിത് സിംഗ്, മകന്‍ ജയന്ത് ചൗധരി എനിവര്‍ക്കെതിരെ കോണ്‍ഗ്രസ് മല്‍സരിക്കാതിരുന്നപ്പോള്‍ ബദായൂണ്‍, സുല്‍ത്താന്‍പൂര്‍, ദൗറാഹ്‌റ, പ്രതാപ്ഗഡ്, സീതാപൂര്‍, ബദോഹി, കുശിനഗര്‍, ഫൈസാബാദ് മുതലായ സീറ്റുകളില്‍ ബഹുദൂരം പിന്നിലായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ പക്ഷെ സഖ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി.

ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി പിടിച്ചെടുത്ത ഖൈരാനയില്‍ തബസ്സും ഹസന്‍ ഇക്കുറി പരാജയപ്പെട്ടു. ഫത്തേപ്പൂര്‍ സിക്രിയില്‍ രാജ്ബബ്ബറിന്റെ പോരാട്ടവും സഖ്യത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കിയത്. അതേസമയം ചില സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ പോരാട്ടമാണ് സഖ്യത്തെ സഹായിച്ചതും. മീറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 34,300 വോട്ടുകള്‍ പിടിച്ചത് സഖ്യ സ്ഥാനാര്‍ഥിയെ വിജയത്തിനരികെ എത്തിച്ചു.

വെറും 2300 വോട്ടിനാണ് ബി.എസ്.പിയുടെ ഹാജി യാഖൂബ് ഖുറൈശി പരാജയപ്പെട്ടത്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ആറ് സീറ്റുകളുടെ കാര്യത്തിലെങ്കിലും കോണ്‍ഗ്രസും മഹാസഖ്യവും വിട്ടുവീഴ്ചക്ക് തയാറായിരുന്നുവെങ്കില്‍ യു.പിയില്‍ കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം ഇരുപക്ഷത്തിനും സാധ്യമാവുമായിരുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here