മാസം 19 ലക്ഷം വരുമാനം; വിസിറ്റ് വിസയിലെത്തിയ ‘യാചകനെ’ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

0
497

ദുബായ് (www.mediavisionnews.in):  ഒറ്റ മാസം കൊണ്ട് ഒരു ലക്ഷം  ദിര്‍ഹം (19 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്പാദിച്ചിരുന്ന ‘ഹൈടെക്’ യാചകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ ഇയാള്‍ സന്ദര്‍ശക വിസയിലാണ് രാജ്യത്ത് എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖൂസില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

റമദാനില്‍ യാചന തടയുന്നതിനുള്ള കാമ്പയിന് തുടക്കം കുറിച്ച വേളയിലാണ് ഒരു ലക്ഷം ദിര്‍ഹം മാസം സമ്പാദിച്ചിരുന്ന യാചകനെ പിടികൂടിയ വിവരം അധികൃതര്‍ അറിയിച്ചത്. യാചകരില്‍ അധികവും സന്ദര്‍ശക വിസയിലാണ് രാജ്യത്ത് എത്താറുള്ളത്. ചിലരെ ടൂറിസ്റ്റ് ഏജന്‍സികളും കൊണ്ടുവരാറുണ്ട്. യാചനയ്ക്ക് പിടിക്കപ്പെടുന്നവര്‍ ടൂറിസ്റ്റ് ഏജന്‍സികള്‍ വഴിയാണ് രാജ്യത്ത് എത്തിയതെന്ന് കണ്ടെത്തിയാല്‍ ഏജന്‍സിക്ക് 2000 ദിര്‍ഹം പിഴ ചുമത്തും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തും – ദുബായ് പൊലീസ് സ്റ്റേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഹാമിദ് അബ്ദുല്ല അല്‍ ഹാഷിമി പറഞ്ഞു.

റമദാന്‍ മാസത്തില്‍ യാചന കര്‍ശനമായി തടയുന്നതിനും യാചകരെ പിടികൂടുന്നതിനുമായി ഊര്‍ജിതമായ തെരച്ചിലിനാണ് ദുബായ് പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്. ‘യാചനയ്ക്കെതിരെ ഒരുമിച്ച്’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനിലൂടെ പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യാചന ശ്രദ്ധയില്‍ പെട്ടാല്‍ 901 എന്ന നമ്പറില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  മാര്‍ക്കറ്റുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, റമദാന്‍ ടെന്റുകള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കിങ് സ്പോട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദുബായ് പൊലീസ് യാചകര്‍ക്കായി പ്രത്യേക പരിശോധന നടത്തും.

മാസം ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിരുന്ന യാചകന് പുറമെ നവജാത ശിശുവിനെയും മറ്റൊരു ചെറിയ കുട്ടിയേയും ഒപ്പം കൊണ്ടുപോയി യാചിച്ചിരുന്ന മറ്റൊരു സ്ത്രീയെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാനായി ഇസ്ലാമികകാര്യ വകുപ്പിന് കീഴില്‍ 17 ജീവകാരുണ്യ സൊസൈറ്റികളുണ്ട്. താമസ വിസകളുള്ള ഏതൊരാള്‍ക്കും ഇത്തരം സംഘടനകളുടെ സഹായം തേടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. 40,000ല്‍ അധികം പേരുടെ കാര്യങ്ങള്‍ ഇതിനോടകം ഇസ്ലാമികകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടെന്നും അതില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വര്‍ഷം കഴിയുംതോറും ദുബായിലെ യാചകരുടെ എണ്ണത്തില്‍ കുറവ് വരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ 243 യാചകരാണ് പിടിയിലായത്. ഇതില്‍ 136 പുരുഷന്മാരും 107 സ്ത്രീകളുമായിരുന്നു. 2017ല്‍ 653 യാചകരാണ് പിടിയിലായത്. 2016ല്‍ 1021 പേരെയും 2015ല്‍ 1405 പേരെയും ദുബായ് പൊലീസ് പിടികൂടിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here