നാലാംവട്ടവും ഹൈദരാബാദില്‍ നിന്ന് ഒവൈസി; ഇത്തവണ ഭൂരിപക്ഷം 2.82 ലക്ഷം

0
190

ഹൈദരാബാദ്(www.mediavisionnews.in): എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കു ഹൈദരാബാദില്‍ വീണ്ടും ആധികാരികജയം. കഴിഞ്ഞതവണത്തേക്കാള്‍ 79,729 വോട്ടുകളുടെ അധിക ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി.

നാലാംവട്ടമാണ് ഒവൈസി ലോക്‌സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ രാജ്യത്ത് എ.ഐ.എം.ഐ.എം നേടിയ ഏക സീറ്റും ഇതാണ്. അതേസമയം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നുണ്ട്. ഇവിടുത്തെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. ഇംതിയാസ് ജലീല്‍ സെയ്ദാണ് ശിവസേനയുടെ ചന്ദ്രകാന്ത് ഖൈരയേക്കാള്‍ 6067 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ മുന്നില്‍ നില്‍ക്കുന്നത്.

2.82 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഒവൈസിയുടെ ജയം. ബി.ജെ.പിയുടെ ഡോ. ഭഗവന്ത് റാവുവാണു രണ്ടാംസ്ഥാനത്ത്. ഒവൈസി 5,17,239 വോട്ട് നേടിയപ്പോള്‍ റാവു നേടിയത് 2,35,056 വോട്ടാണ്. കഴിഞ്ഞതവണ 2.02 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഒവൈസി നേടിയത്. അന്നും ഭഗവന്ത് റാവുവായിരുന്നു എതിര്‍സ്ഥാനാര്‍ഥി. അന്ന് 3,11,414 വോട്ടാണ് റാവു നേടിയത്.

ഹൈദരാബാദ് മണ്ഡലത്തില്‍ 70 ശതമാനവും മുസ്‌ലീം ഭൂരിപക്ഷമാണ്. ഒവൈസിയുടെ പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ നിന്നും 2004-ല്‍ ആദ്യമായി അസദുദ്ദീന്‍ ഒവൈസി മത്സരിക്കുന്നത്. അന്ന് 10 ശതമാനം വോട്ടുവിഹിത വ്യത്യാസത്തോടെ അദ്ദേഹം ജയിച്ചുകയറി.

2008-ല്‍ ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികളടക്കം ആദ്യ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍, ഒവൈസി അവര്‍ക്കൊപ്പം നിന്നു. അടുത്തിടെ സാമ്പത്തികസംവരണത്തിനെതിരേ അദ്ദേഹം വോട്ട് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഒവൈസിക്കു പുറമേ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗും സാമ്പത്തികസംവരണത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here