കാസര്‍കോട് (www.mediavisionnews.in): നാലുവരി ദേശീയ പാത വികസനത്തിനായി കാസര്‍കോട് ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. തലപ്പാടി മുതല്‍ കാലിക്കടവ് വരെ 87 കിലോമീറ്റര്‍ ദൂരത്തിലാണ് 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുന്നത്. ഇതിനായി നീക്കിവെച്ച മുഴുവന്‍ ഭൂമിയും ഏറ്റെടുത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് 3ഡി വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു.
ഇതില്‍ 43.28 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാനുള്ള 3ജി വിജ്ഞാപനവും ഇറങ്ങിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലെ 2500 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പൊളിച്ചു നീക്കേണ്ടി വരും. ദേശീയപാത വികസനത്തിനായി 110 ഹെക്ടറോളം ഭൂമി വേണ്ടി വരുമെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്. സര്‍വ്വേയ്ക്ക് ശേഷം ഇത് 94.20 ഹെക്ടറായി പരിമിതപ്പെടുത്തുകയായിരുന്നു. ഏറ്റടുത്ത സ്ഥലം 22ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും ബാക്കി സ്വകാര്യ വ്യക്തികളുടെ ഭൂമിയുമാണ്.
ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ 33 വില്ലേജുകളില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. നാലുവരിപാതയ്ക്കുവേണ്ടി ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കുമുള്ള നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരുമെന്നതിനാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് നേരത്തെ ഉയര്‍ന്നുവന്നിരുന്നു.
നഷ്ട പരിഹാരം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതിരുന്നതും പ്രതിഷേധത്തിന് കാരണമായി. അതേസമയം ദേശീയപാത അതോറിറ്റി അനുവദിക്കുന്ന നഷ്ടപരിഹാര തുക ഇനിയും ലഭിക്കാനുള്ളവര്‍ക്ക് ഉടന്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. പതിനേഴ് വില്ലേജുകളിലെ 1546 പേര്‍ക്കായി 365.3 കോടിരൂപ നഷ്ടപരിഹാരമായി അനുവദിച്ചിരുന്നു.
ഇതില്‍ 1206 പേര്‍ക്കായി 253.66 കോടി രൂപയാണ് കൈമാറിയത്. ബാക്കിയുള്ളവര്‍ക്ക് അപേക്ഷ നല്‍കി മാസങ്ങളായിട്ടും നഷ്ട പരിഹാരം ലഭ്യമായിട്ടില്ല. ഇവര്‍ക്ക് എത്രയും വേഗം തുക അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.