ഡി.വൈ.എഫ്‌.ഐ നേതാവിന്റെ കുടുംബത്തെ സഹായിക്കണം; മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കത്ത്

0
221

തിരുവനന്തപുരം(www.mediavisionnews.in): കെ.എസ്.യു നേതാവിന്റെ ചികിത്സയ്ക്കായി എസ്‌.എഫ്‌.ഐ നേതാക്കള്‍ രംഗത്ത് ഇറങ്ങിയത് കേരളസമൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചചെയ്തതാണ്. മനുഷ്യന്റെ നന്മയ്ക്കും കാരുണ്യത്തിനും രാഷ്ട്രീയം കാണാത്ത മനസുകള്‍ ഇന്നും ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. ഇതിന് പിന്നാലെ മറ്റൊരു നന്മയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്.

കുമ്പളയിൽ കഴിഞ്ഞ ദിവസം മരിച്ച ഡി.വൈ.എഫ്‌.ഐ നേതാവിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ഡി.വൈ.എഫ്.ഐ കുമ്പള മേഖലാസെക്രട്ടറിയും സി.പി.എം കുമ്പള ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു അജിത്ത്, കർണാടകയിൽ ഒരുവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ അജിത്ത് കൂടെ ഉണ്ടായിരുന്ന ഒരു ബാലനെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. ദക്ഷിണകന്നഡയിലെ ബണ്ട്വാൾ പുഴയിൽ കുളിയ്ക്കാനിറങ്ങിയ ബാലൻ മുങ്ങിപ്പോകുന്നത് കണ്ടാണ് അജിത്ത് പുഴയിലേക്കെടുത്ത് ചാടുന്നത്, പക്ഷെ ഇരുവർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നു.

കോഴിക്കോട്ടെ ഒരു യൂത്ത്‌ കോണ്‍ഗ്രസ് നേതാവായ നൗഷാദ് തെക്കയിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തിന് മറുപടിയായി ആകുന്നതെല്ലാം ചെയ്യുമെന്നും സംഭവത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് കാസർകോട് ജില്ലാ കളക്ടർക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നൗഷാദിനെ അറിയിച്ചിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം

സർ,

ഞാനൊരൂ കോൺഗ്രസ് പ്രവർത്തകനാണ്. ഒരു കുഞ്ഞിനെ രക്ഷിക്കാൻ പുഴയിലിറങ്ങിയ ഡി.വൈ.എഫ്‌.ഐ നേതാവ് മരണപ്പെട്ടതായി വാർത്തകളിൽ കണ്ടു. കുടുംബപരമായ വിവരങ്ങൾ ലഭ്യമല്ല. വാർത്ത കൂടെ അറ്റാച്ച്‌ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കുടുബത്തെ ആവശ്യമെങ്കിൽ സഹായിക്കണം. സാർ എന്നെ പോലെ ഗതിയില്ലാത്ത ഒരു പൊതു പ്രവർത്തകന് അറിയാം സാർ എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾക്ക് ആരുമുണ്ടാവില്ല എന്ന്. എന്നിട്ടും സഹജീവികളായ മനുഷ്യർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുത്തും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. എത്രയോ മഹത്തരം ആ സഹോദരൻ ചെയ്തത്. ഇത്തരം വിഷമങ്ങളിൽ സ്വന്തം ജീവിതം നോക്കാതെ അന്യരുടെ ജീവൻ രക്ഷിക്കുന്നവരാണ് യഥാർത്ഥ ഹീറോ. ഇദ്ദേഹത്തിന് വേണ്ടി കുടുംബത്തിന് വേണ്ടി അവരുടെ കുടുംബം അനാഥമാവാതിരിക്കാൻ വേണ്ടി സഹായിക്കണം സർ.

നൗഷാദ് തെക്കയിൽ

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here