കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതല്‍ പ്രവര്‍ത്തനം: ലക്ഷ്യം 333 സീറ്റുകള്‍: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴേ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപി

0
169

ന്യൂദല്‍ഹി(www.mediavisionnews.in): മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

303 സീറ്റ് നേടി വന്‍ ഭൂരിപക്ഷവുമായാണ് മോദി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച. എന്നാല്‍ വന്‍ വിജയത്തില്‍ മതിമറക്കാതെ, രണ്ടാം മോദി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുമ്പേ തന്നെ ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തെ കുറിച്ച് ഇപ്പോഴേ പദ്ധതി തയ്യാറാക്കി തുടങ്ങി.

ആന്ധ്ര പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി സുനില്‍ ദിയോദര്‍ ആണ് ബിജെപിയുടെ 2024ലെ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘മിഷന്‍ 333’ സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനാണ് ബിജെപി നീക്കമെന്നാണ് റിപ്പോര്‍ട്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 333 സീറ്റുകളാണ് ലക്ഷ്യമിടുന്നത്.

ബംഗാളില്‍ സ്വീകരിച്ച അതേ മാതൃക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നു ദിയോദര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും.

ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് ബിജെപി പുറത്തുവരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി താന്‍ തെലുങ്ക്, ബംഗാളി എന്നീ ഭാഷകള്‍ പഠിച്ചെന്ന് ദിയോദാര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരും. കേരളത്തെക്കുറിച്ചാണ് ആദ്യ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ 28ല്‍ 25 സീറ്റും ഇക്കുറി ബിജെപി നേടിയിരുന്നു. തെലങ്കാനയില്‍ പതിനേഴില്‍ നാല് സീറ്റ്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. പശ്ചിമ ബംഗാളില്‍ 2014ല്‍ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2019ല്‍ പതിനെട്ട് സീറ്റില്‍ വിജയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here