കാസര്‍ഗോഡിലേയും കണ്ണൂരിലെയും കലക്ടര്‍മാര്‍ സി.പി.ഐ.എമ്മിന്റെ ആളുകള്‍; മുസ്‌ലിം ലീഗ് പ്രവര്‍ത്തര്‍ക്കെതിരെയുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉണ്ണിത്താന്‍

0
492

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ കലക്ടര്‍മാര്‍ സി.പി.ഐ.എമ്മിന്റെ ആളുകളാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രം കള്ളവോട്ട് നടന്നെന്ന് പറയാനാകില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവരാകാം ഇതിന് പിന്നില്‍. നേരത്തേ സി.പി.ഐ.എം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ തെളിവ് സഹിതം ഞങ്ങള്‍ പുറത്തുവിട്ടതാണ്. അപ്പോള്‍ സി.പി.ഐ.എം ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി. ആ നാണക്കേട് മറയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ അവര്‍ മറുപരാതി കൊടുത്തത്. കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വെബ് കാസ്റ്റ് ദൃശ്യങ്ങളും സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവിടട്ടെ, അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരിട്ട് പരിശോധിക്കട്ടെ, എന്നിട്ട് കള്ളവോട്ട് നടന്നോ ഇല്ലയോ പറയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്‌തെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയും അംഗീകരിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

കണ്ണൂരിലെയും കാസര്‍ഗോട്ടെയും കളക്ടര്‍മാര്‍ സി.പി.ഐ.എമ്മിന്റെ ആളുകളാണ്. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെ കളക്ടര്‍മാര്‍ വിളിച്ചു വരുത്തി. ഇവരെല്ലാം ആദ്യം കുറ്റം നിഷേധിച്ചതാണ്. പിന്നീട് രണ്ട് പേരെ ഭീഷണിപ്പെടുത്തിയാണ് കള്ളവോട്ട് ചെയ്‌തെന്ന് എഴുതിമേടിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് നിയോജകമണ്ഡലത്തിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഇവര്‍ മൂന്നുപേരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ ജനപ്രാധിനിത്യ  നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കെ.എം മുഹമ്മദ് എന്നയാള്‍ മൂന്ന് തവണയും അബ്ദുള്‍ സമദ്, മുഹമ്മദ് ഫായിസ് എന്നിവര്‍ രണ്ടുതവണ വീതവും വോട്ട് ചെയ്‌തെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞത്. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here