തിരുവനന്തപുരം(www.mediavisionnews.in): വിവാഹങ്ങള്‍ക്ക് മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ബാലവിവാഹങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് കമ്മീഷന്റെ നിര്‍ദേശം.
വിവാഹങ്ങള്‍ക്ക് കല്യാണ മണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃത രേഖ മണ്ഡപ അധികൃതര്‍ ചോദിച്ചു വാങ്ങണമെന്നാണ് നിര്‍ദേശം.
ഇതിന്റെ പകര്‍പ്പ് മണ്ഡപം ഓഫിസില്‍ അധികൃതര്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണം. രേഖകളില്‍ പ്രായം കുറവാണെന്ന് തെളിഞ്ഞാല്‍ മണ്ഡപം ഒരു കാരണവശാലും അനുവദിക്കരുതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.
വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാല്‍ മണ്ഡപം അനുവദിക്കരുത്. കൂടാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്കായി സമീപിച്ചവരുടെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ യൂനിസെഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ഏഴ് ശതമാനം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാതെ വിവാഹതിതരാവെന്നുണ്ടെന്നാണ് കണക്കുകള്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.