കഞ്ചാവ് നിരോധനം നീക്കണമെന്ന് ബാബാ രാംദേവിന്‍റെ കമ്പനി പതഞ്ജലി

0
246

ഹരിദ്വാർ(www.mediavisionnews.in): ക‌‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയിൽ നിയമവിധേയമാക്കണം എന്ന് ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രാചീനകാലം മുതലേ ഇന്ത്യയിൽ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും ക്വാർട്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു

ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതെന്നും കഞ്ചാവ് നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഹരിദ്വാറിലെ പതഞ്ജലിയുടെ ഗവേഷണ കേന്ദ്രത്തിൽ ഇരുന്നൂറോളം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടക്കുകയാണ്. പതഞ്ജലിയുടെ ഗവേഷണത്തിൽ കഞ്ചാവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും  അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ബാബാ രാംദേവും പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണയും

ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശത്തോടെ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച പതഞ്ജലിക്ക് കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് കുറഞ്ഞ കാലത്തിനിടെ ഉണ്ടായത്. പേഴ്സണൽ കെയർ ഉത്പന്നങ്ങളും പാക്കറ്റിലടച്ച ഭക്ഷണ പദാർത്ഥങ്ങളും സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളും മുതൽ ഒട്ടുമിക്ക നിത്യോപയോഗ ഉപഭോഗ വസ്തുക്കളിലേക്കും പതഞ്ജലിയുടെ വിപണി വലുതായി.

യോഗ ഗുരു ബാബാ രാംദേവിന് പെട്ടെന്ന് കിട്ടിയ ദേശീയ ശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും പതഞ്ജലിയുടെ വിപണിയെ സഹായിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് പോലും വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് രാജ്യത്ത് പതഞ്ജലിയുടെ വിപണി വളർന്ന് വികസിച്ചു. ഇതിനിടെയാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് പതഞ്ജലി ആവശ്യപ്പെടുന്നത്.

ആചാര്യ ബാലകൃഷ്ണ കഞ്ചാവ് നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. 2004ൽ പുറത്തിറക്കിയ ഒരു യുട്യൂബ് വീഡിയോയിലും ബാലകൃഷ്ണ കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി വാചാലനാകുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ പതഞ്ജലി സിഇഒ ഇപ്പോഴും ഈ വീഡ‍ിയോ പ്രചരിപ്പിക്കുന്നുമുണ്ട്.

പല പടിഞ്ഞാറൻ രാജ്യങ്ങളിലും കഞ്ചാവ് ചെടിയിൽ നിന്ന് പല മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നുണ്ടെന്നും ശരീരത്തിന് ഹാനികരമായ ലഹരിയുടെ ഘടകങ്ങൾ നീക്കം ചെയ്തതിന് ശേഷം കഞ്ചാവ് എങ്ങനെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാം എന്നാണ് പതഞ്ജലി ഗവേഷണം നടത്തുന്നതെന്നും ആചാര്യ ബാലകൃഷ്ണ ക്വാർട്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. കഞ്ചാവ് നിരോധനം ഇല്ലാത്ത പടിഞ്ഞാറൻ രാജ്യങ്ങളിലെ വിപണിയും പതഞ്ജലി ലക്ഷ്യം വയ്ക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here