ഐഎസ്സുമായി ബന്ധം; രണ്ട് കാസർകോട് സ്വദേശികളടക്കം മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു

0
442

കൊച്ചി(www.mediavisionnews.in): ഐ.എസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്ന് കാട്ടി മൂന്ന് മലയാളികളെ കൂടി എന്‍.ഐ.എ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍.ഐ.എ പ്രതി ചേര്‍ത്തത്.

കേരളത്തില്‍ നിന്നും സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദുമായി ഇവര്‍ ഗൂഢാലോചന നടത്തിയതായും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ ആരോപിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ഇവര്‍ എവിടെയാണെന്നോ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ എന്‍.ഐ.എ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

അതേസമയം, ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡിന് പിന്നാലെ 65 മലയാളികള്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന മലയാളികളാണ് എന്‍.ഐ.എയുടെ നിരീക്ഷത്തിലുള്ളത്.

മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലേയും നാമക്കലിലേയും യോഗ വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചിരുന്നു. കൂടാതെ അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോകളും എന്‍.ഐ.എ സംഘം കണ്ടെത്തിയിരുന്നു.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here