കാസര്‍ഗോഡ്: തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങള്‍ തള്ളി സഹായി പൃഥ്വിരാജ്. ഏതു പണമാണ് താന്‍ മോഷ്ടിച്ചതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഉണ്ണിത്താന്‍ ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.
കാസര്‍ഗോട്ടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ മറച്ചുവെച്ചുവെന്നും താല്‍ക്കാലിക ലാഭത്തിന് വേണ്ടി, കാസര്‍ഗോട്ടെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയാണ് താങ്കള്‍ കുറിമായ്ച്ചതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും 24 ന്യൂസ് പുറത്ത് വിട്ട വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.
എനിക്കറിയാം താങ്കള്‍ എന്താണ് പറഞ്ഞതെന്ന്. ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ ശ്രമിച്ചാന്‍ കൊല്ലത്തെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
കൊല്ലം സ്വദേശിയായ സഹായി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്നു കാണിച്ചായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊലീസിന് പരാതി നല്‍കിയത്.
മേല്‍പറമ്പിലെ വാടക വീട്ടില്‍ നിന്നുമാണ് പണം നഷ്ടപെട്ടതെന്നും പണം തിരിച്ചു ചോദിച്ചപ്പോഴെല്ലാം പലതരത്തിലുള്ള ഭീഷണി ഫോണ്‍ കോളുകള്‍ വന്നിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കാസര്‍ഗോഡ് ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതി മേല്‍പറമ്പ് പൊലിസിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ സഹിതം ഉള്‍പ്പെടെയാണ് ഉണ്ണിത്താന്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടായതായി ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടില്ലെന്നും ഹക്കീം കുന്നില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.