ദില്ലി (www.mediavisionnews.in): രാജ്യത്ത് 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിരോധനത്തിലുള്ള കരട് ബില്‍ തയ്യാറായെന്നും സൂചനകളുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധന നീക്കം. ഈ ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ 2023 ഏപ്രിലിന് മുമ്പ് നിരോധിക്കണമെന്ന നിര്‍ദ്ദേശമാണ് കരട് ബില്ലിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്ക് സ്‍കൂട്ടറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരുപരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള ബി എസ് 6 നിയമം നടപ്പിലാകുന്നതിനു പിന്നാലെയാണ് പുതിയ നീക്കവും.
നിരോധനം നടപ്പിലായാല്‍ രാജ്യത്തെ വാഹന ചരിത്രത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാവും അത്. രാജ്യത്തെ ഇരുചക്ര വാഹന കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സെഗ്മന്‍റാണ് 150 സിസിക്ക് താഴെയുള്ളത്. ഹീറോയും ഹോണ്ടയും ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാവും ഈ നിരോധനം.