ഇരുപത്തിയേഴാം രാവ്, അവസാന വെള്ളി; നാളെ പുണ്യ ദിനം

0
241

അബുദാബി(www.mediavisionnews.in): റമസാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും നാളെ. അപൂർവമായ ആത്മീയാനുഭവത്തിനായി കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. റമസാനിലെ ഏറ്റവും വിശേഷപ്പെട്ട രാവാണ് ലൈലത്തുൽ ഖദ്ർ. നിർണയത്തിന്റെ രാത്രി എന്നർഥം. അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലൊന്നായിരിക്കും ലൈലത്തുൽ ഖദ്ർ. ഒരായുഷ്കാലത്തെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുന്നു എന്നതാണ് വിശ്വാസം.

ആ രാവ് എന്നായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് 27ാം രാവിനാണെന്നു ഭൂരിപക്ഷം മത പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് 27ാം രാവിന് വിശ്വാസികൾക്കിടയിൽ കൂടുതൽ സ്വീകാര്യത കൈവന്നതും. 83 വർഷവും മൂന്ന് മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാവുകൊണ്ട് നേടിയെടുക്കാനുള്ള അപൂർവ അവസരമാണ് ലൈലത്തുൽ ഖദ്റിലൂടെ വിശ്വാസികൾക്ക് ലഭിക്കുക. പുലരും വരെ പള്ളികളിൽ കഴിച്ചുകൂട്ടുന്ന വിശ്വാസികൾ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകും.

ദൈവ കൽപനയനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗ പ്രവേശവും ലഭിക്കും. മാനവ സമൂഹത്തിന് മാർഗദർശനമായ വിശുദ്ധ ഖുർആൻ അവതരണത്തിന് ആരംഭം കുറിച്ചതും ലൈലത്തുൽ ഖദ്‌റിലാണ്. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ രാവിന്റെ അനുഗ്രഹവും തേടി റമസാൻ അവസാന പത്തു മുതൽ തന്നെ വിശ്വാസികൾ ആരാധനാലയങ്ങളിൽ ഭജനയിരിക്കാനും പ്രാർഥനകളിൽ മുഴുകാനും തുടങ്ങിയിരുന്നു.

റമസാൻ 21 മുതൽ ആരാധനാലയങ്ങളിൽ പ്രത്യേക നിശാ പ്രാർഥനകളും ആരംഭിച്ചു. പുലർച്ചെ 2 മുതൽ 3.30 വരെയാണ് ഭൂരിഭാഗം പള്ളികളിലും ഇതു നടക്കുന്നത്. 27ാം രാവായ നാളെ ആരാധനാലയങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടും. വിപുലമായ സൗകര്യങ്ങൾ പള്ളികളിൽ ഒരുക്കിയിട്ടുണ്ട്. റമസാൻ അവസാന പത്ത് ആയതോടെ മക്കയിലും മദീനയിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഇരുപത്തിയേഴാം രാവിനെത്തുന്നവർക്കു സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here