ന്യൂഡല്‍ഹി (www.mediavisionnews.in): അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.
ഇന്ത്യയില്‍ ഇക്കാലയളവില്‍ 942 സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി അങ്ങനെ 942 വന്‍ സ്‌ഫോടനങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വെച്ച് അതൊക്കെ കേള്‍ക്കണം, രാഹുല്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 പൊലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മോദിയ്‌ക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന് അയോധ്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി അവകാശപ്പെട്ടിരുന്നു. ശ്രീലങ്കയിലെ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടിയ മോദി, 2014-ന് മുമ്പ് ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയുടേത് പോലെ ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് സുശക്തമായ സര്‍ക്കാരുണ്ടെന്നുമാണ് പറഞ്ഞത്.
തീവ്രവാദം ഇന്ത്യയുടെ സംസ്‌കാരങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. നമ്മള്‍ രാമായണ്‍ സര്‍ക്യൂട്ട് പദ്ധതി തുടങ്ങി. വിവിധ ആരാധനാലയങ്ങളില്‍ നമ്മള്‍ വിനോദസഞ്ചാരം വികസിപ്പിച്ചു. എന്നാല്‍ ഇതിനെല്ലാം ഭീകരവാദം വെല്ലുവിളിയാണ്, ഇതായിരുന്നു മോദിയുടെ വാക്കുകള്‍. ഇതിനെതിരെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.