ഹൊസങ്കടി വാമഞ്ചൂർ ചെക്പോസ്റ്റിൽ വിദേശ സഞ്ചാരികളെ കൊള്ളയടിച്ചു

0
594

ഹൊസങ്കടി(www.mediavisionnews.in): വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ സ്വദേശികളായ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് വാടകക്ക് വാനെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മ്മന്‍ സ്വദേശികളായ മൂന്ന് പേരാണ് അക്രമത്തിനിരയായത്. ഇവര്‍ ഇന്നലെ രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പറമ്പില്‍ ടെന്റ് കെട്ടി വിശ്രമിക്കുന്നതിനിടെയാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം ടെന്റിനകത്ത് അതിക്രമിച്ച് കയറി അക്രമിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഉന്തുംതള്ളിനുമിടെ അക്രമികളുടെ കൈവശമുണ്ടായിരുന്ന രണ്ട് ആധാര്‍ കാര്‍ഡുകള്‍ സംഭവസ്ഥലത്ത് വീണുകിട്ടിയിട്ടുണ്ട്. മൊര്‍ത്തണ സ്വദേശികളായ സഹോദരങ്ങളുടെ ആധാര്‍ കാര്‍ഡാണ് ലഭിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരനായ ഒരു സുഹൃത്ത് സിംകാര്‍ഡ് വാങ്ങുന്നതിന് തങ്ങളുടെ ആധാര്‍കാര്‍ഡ് വാങ്ങിയിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

സംഭവത്തിന് പിന്നിലെ മൂന്ന് പേരെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. കുമ്പള എസ്.ഐ. ആര്‍.സി. ബിജു, മഞ്ചേശ്വരം എസ്.ഐ. സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അഞ്ചംഗ സ്‌ക്വാഡാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ് നായ റോണി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here