സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; ചട്ടം ലഘിച്ചാല്‍ പിടിവീഴും

0
668

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in): സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, വെബ്സൈറ്റുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അറിയിച്ചു.

വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്താന്‍ പാടില്ല. റേഡിയോ, ടിവി, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി നിശ്ചിത ഫോമില്‍ അപേക്ഷിക്കണം. ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മാധ്യമ നിരീക്ഷണ സെല്ലില്‍ ലഭിക്കും. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് കോപ്പിയും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയോടൊപ്പം നല്‍കണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി കമ്മീഷന് നല്‍കുകയും വേണം.

വെബ്സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ ഡൊമൈന്‍ രജിസ്ട്രേഷന്‍, വെബ് ഹോസ്റ്റിംഗ്, വെബ് ഡിസൈനിംഗ്, മെയിന്റനന്‍സ് എന്നീ ചെലവുകളും കമ്മീഷന് സമര്‍പ്പിക്കണം. ഗ്രൂപ്പ് എസ്.എം.എസ്. ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ്.എം.എസുകള്‍ അയയ്ക്കാന്‍ പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്.എം.എസുകള്‍ക്ക് നിരോധനമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here