ശ്രീലങ്കൻ ഭീകരര്‍ ഇന്ത്യയിലേക്കോ?; കേരളം ഉൾപ്പെടെ തീരങ്ങളിൽ അതീവ ജാഗ്രത

0
597

ന്യൂഡൽഹി (www.mediavisionnews.in): ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം. കേരളം ഉൾപ്പെടെ രാജ്യത്തെ സമുദ്രതീരങ്ങളിൽ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ കൂട്ടി.

സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണു നിരീക്ഷണം നടത്തുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകള്‍ അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.

മുന്‍പ് മുംബൈ ഭീകരാക്രമണം നടത്താനായി ഭീകരര്‍ കടല്‍മാര്‍ഗം എത്തിയ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണു പ്രഖ്യാപനം നടത്തിയത്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന ഭീകരസംഘടനയാണെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി രാജിത സേനരത്‌നെ വ്യക്തമാക്കിയിരുന്നു. ഏഴു ചാവേറുകളാണ് സ്‌ഫോടനപരമ്പര നടത്തിയത്.

ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളില്‍ 290 പേരാണു കൊല്ലപ്പെട്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here