വോട്ട് ചെയ്യാന്‍ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? അറിയേണ്ടതെല്ലാം

0
441

തിരുവനന്തപുരം(www.mediavisionnews.in): കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഇത്തവണ ധാരാളം കന്നിവോട്ടര്‍മാരും ഉണ്ട്. അവരില്‍ ചിലര്‍ക്കെങ്കിലും വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ സംശയങ്ങള്‍ ഉണ്ടാകാം. വോട്ടു ചെയ്യാന്‍ പോളിംങ് ബൂത്തിലേക്ക് ഓടുന്നതിന് മുമ്പ് മറക്കാതെ ബിഎല്‍ഒ അഥവാ ബൂത്തുതല ഉദ്യോഗസ്ഥന്‍ നല്‍കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് കൊണ്ടു വരണം. സ്ലിപ്പില്‍ വോട്ടറുടെ പേരും ക്രമനമ്പറും രേഖപ്പെടുത്തിയിരിക്കും. ഈ സ്ലിപ്പ് കൈയിലുണ്ടെങ്കില്‍ ബൂത്തിലെത്തുമ്പോൾ വോട്ടര്‍ പട്ടികയിലുള്ള പേര് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.

കൂടാതെ ഇതിനൊപ്പം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടാകണം. പോളിംങ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഇതില്‍ ഭിന്നശേഷിയുള്ളവര്‍ക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും. കൈക്കുഞ്ഞുമായി വോട്ടു ചെയ്യാനെത്തുന്ന അമ്മമാര്‍ക്ക് സഹായമായി ഇത്തവണ ബൂത്തുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഉണ്ടാവും. വോട്ടു ചെയ്ത് മടങ്ങും വരെ കുട്ടികളെ ഇവര്‍ സംരക്ഷിക്കും.

ബൂത്തിലേക്കു കയറിയ വോട്ടര്‍മാര്‍ ഒന്നാം പോളിങ് ഓഫീസറുടെ അടുത്താണ് ആദ്യം എത്തുക. ഇവിടെ വെച്ചാണ് ഉദ്യോഗസ്ഥര്‍ നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത്. കൃത്രിമത്വം ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ രണ്ടാംപോളിങ് ഓഫീസറുടെ അടുത്തേക്ക് അയക്കും. ഇദ്ദേഹമാണ് വോട്ടര്‍പട്ടികയില്‍ നമ്മളെക്കൊണ്ട് ഒപ്പ് ഇടുവിപ്പിക്കുന്നത്. അതിനുശേഷം ഇടത് കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ ശേഷം വോട്ടിങ് സ്ലിപ്പും നല്‍കും.

തുടര്‍ന്ന് വോട്ടേഴ്സ് സ്ലിപ്പുമായി മൂന്നാംപോളിങ് ഓഫീസറുടെ അടുത്തേക്കാണ് പോകേണ്ടത്. ഇദ്ദേഹം വിരലിലെ മഷിയടയാളം ഉറപ്പാക്കിയ ശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ടു ചെയ്യാന്‍ അനുവദിക്കുന്നു. പോളിങ് കംപാര്‍ട്ട്മെന്റില്‍ എത്തിക്കഴിഞ്ഞാല്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിത്രത്തിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക. സ്ഥാനാര്‍ഥികള്‍ക്കൊന്നും വോട്ടുനല്‍കാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ പട്ടികയില്‍ അവസാനമുള്ള ‘നോട്ട’യ്ക്ക് വോട്ട് ചെയ്യാം.

ശരിയായി വോട്ട് രേഖപ്പെടുത്തിയാല്‍ ബീപ് എന്ന ശബ്ദമുയരും. കൂടാതെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചുവന്ന ലൈറ്റും തെളിയും. വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതില്‍ സംശയമുള്ളവര്‍ക്ക് പ്രിസൈഡിങ് ഓഫീസറുടെ സഹായവും തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിയാലുടന്‍ വോട്ട് ചെയ്തത് നിങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണോയെന്ന് വിവിപാറ്റ് യന്ത്രത്തില്‍ നോക്കി മനസ്സിലാക്കാം.

ബാലറ്റ് യൂണിറ്റിന് സമീപത്തായി വെച്ചിരിക്കുന്ന വിവി പാറ്റ് യന്ത്രത്തിലെ പ്രിന്ററില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്ബര്‍, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാം. ഈ സ്ലിപ്പ് ഏഴ് സെക്കന്‍ഡ് നേരത്തേക്കു മാത്രമേ കാണാനാകൂ. തുടര്‍ന്ന് സ്ലിപ്പ് പ്രിന്ററിന്റെ ഡ്രോപ് ബോക്സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതോടെ വോട്ടിങ് പൂര്‍ത്തിയാകുകയും ചെയ്യും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here