മലപ്പുറം(www.mediavisionnews.in): മുസ്‌ലീം ലീഗ് വൈറസാണെന്ന പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കു ശനിയാഴ്ച പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലാണു യോഗി വിവാദപ്രസ്താവന നടത്തിയത്. ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ അതു ബാധിച്ചിരിക്കുകയാണെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്. വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലീം ലീഗ് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നതു പോലെയാണു യോഗി ലീഗിന്റെ വര്‍ഗീയതയെ കുറ്റം പറയുന്നതെന്നായിരുന്നു സി.പി.ഐ.എം നേതാവ് എം.എ ബേബിയുടെ പ്രതികരണം.
ഇന്ത്യന്‍ സൈന്യത്തെ ‘മോദിജീ കീ സേന’ എന്നു വിളിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്കു താക്കീത് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിറകെയാണു ലീഗും യോഗിക്കെതിരേ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.