ഭോപ്പാല്‍ (www.mediavisionnews.in): ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ താനുമുണ്ടായിരുന്നെന്ന പ്രസ്താവനയില്‍ ബി.ജെ.പി നേതാവും ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിനെതിരേ കേസെടുത്തു. പ്രജ്ഞയുടെ വിശദീകരണത്തില്‍ തൃപ്തിയാകാത്തതിനാലാണ് കേസെടുത്തതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ശ്രീവാസ്തവ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്.
പ്രസ്താവനയില്‍ നേരത്തേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്ട് നോട്ടീസുകളാണ് പ്രജ്ഞയ്ക്ക് അയച്ചിരുന്നത്.
ബാബ്‌റി മസ്ജിദിനു പുറമേ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെയുമായി ബന്ധപ്പെട്ടും പ്രജ്ഞ പ്രസ്താവന നടത്തിയതു വിവാദമായിരുന്നു.
അതേത്തുടര്‍ന്നു പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് ബി.ജെ.പി അവരെ താക്കീത് ചെയ്തിരുന്നു.
ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. 2008ലെ മലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചത്.
സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചിരുന്നു.
1989 മുതല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ഭോപ്പാല്‍. കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ്ങാണ് ഭോപ്പാലില്‍ പ്രജ്ഞയുടെ എതിരാളി. ഇവിടെ പ്രജ്ഞയെ ഉപയോഗിച്ച് ബി.ജെ.പി ധ്രുവീകരണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.