മുംബൈ (www.mediavisionnews.in): മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് പ്രഖ്യപിക്കാനിരിക്കെ ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറിലേക്ക് സര്‍പ്രൈസ് ചോയ്സുമായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. നാലാം നമ്പറില്‍ നിരവധി താരങ്ങളെ പരീക്ഷിച്ചുവെങ്കിലും ആരും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നില്ല. അംബാട്ടി റായിഡു നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചിരുന്നവെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ റായിഡുവിന്റെ സ്ഥാനവും തുലാസിലായി.
ഓള്‍ റൗണ്ടര്‍ കൂടിയായ വിജയ് ശങ്കറാണ് സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നിലുള്ള മറ്റൊരു പേര്. എന്നാല്‍ ഇവരാരുമല്ലാത്ത ചില പേരുകളാണ് വെംഗ്സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, അജിങ്ക്യാ രഹാനെ, മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നാണ് വെംഗ്സര്‍ക്കാറുടെ അഭിപ്രായം. രാഹുലിന്റെയും രഹാനെയുടെയും പേരുകള്‍ ചര്‍ച്ചക്ക് വന്നിരുന്നെങ്കിലും മയാങ്ക് അഗര്‍വാളിന്റെ പേര് പരിഗണിക്കാത്തത് അത്ഭുതമാണെന്നും വെംഗ്സര്‍ക്കാര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോകകപ്പില്‍ സെമിയിലെത്താനുള്ള മികവ് ഇന്ത്യന്‍ ടീമിനുണ്ടെന്നും വെംഗ്സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍ ലോകകകപ്പുകളില്‍ കളിച്ച മുന്‍ ഇന്ത്യന്‍ ടീമുകളെ അപേക്ഷിച്ച് നിലവിലെ ടീമിന് മികച്ച ബൗളര്‍മാരുണ്ടെന്നതും ഡെത്ത് ഓവറുകളില്‍ മികവ് കാട്ടുന്ന ജസ്പ്രീത് ബൂമ്രയെപ്പോലൊരു ബൗളറുടെ സാന്നിധ്യം അനുകൂല ഘടകമാണെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.