മഹാപ്രളയം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്

0
721

കൊച്ചി(www.mediavisionnews.in): കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും  ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. 

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല. 

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19  വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച്  കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ദ്ധരും വേണം. 2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്ക് പിരിയും മുന്‍പേ തന്നെ ഹൈക്കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്‍റിലെ പാളിച്ചയാണെന്ന ആരോപണം തുടക്കം തൊട്ടേ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണം എന്നായിരുന്നു സര്‍ക്കാര്‍ വാദം. 

ഡ‍ാമില്ലാത്ത നദികളില്‍ പോലും വെള്ളപ്പൊക്കമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ സര്‍ക്കാരും ഇടതുപക്ഷവും പ്രതിരോധിച്ചത്. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് മുന്നറിയിപ്പില്ലാത്ത ഡാമുകള്‍ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളി സൃഷ്ടിക്കും. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here