തിരുവനന്തപുരം (www.mediavisionnews.in): ഡിജിപി ലോക്നാഥ് ബെഹ്റയെ പരിഹസിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സെൻകുമാർ പരിഹസിച്ചു.
”പൊലീസ് മാർക്സിസ്റ്റ് പാർട്ടിയുടെ ഡിവൈഎഫ്ഐയേക്കാൾ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാൻ പറ്റുമോ? എന്ന് ഒരാൾ ചോദിച്ചു. ഞാൻ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാൽ നിങ്ങൾക്ക് ഒരു ബെറ്റർ ഡിജിപിയെ കിട്ടും. എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.”, എന്നാണ് സെൻകുമാർ പറഞ്ഞത്.
പിണറായി സർക്കാരിന്റെ ശത്രുപക്ഷത്തായിരുന്ന സെൻകുമാർ പിന്നീട് ബിജെപിക്ക് ഒപ്പം ചേർന്നിരുന്നു. ശബരിമല പ്രക്ഷോഭത്തിൽ അണിചേർന്ന സെൻകുമാർ പിന്നീട് ശബരിമല കർമ്മസമിതിയുടെ തലപ്പത്തെത്തുകയും ചെയ്തു.