ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍

0
612

ന്യൂദല്‍ഹി(www.mediavisionnews.in): ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഒരു വിഷമവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍.

ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ പരാമര്‍ശം. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ എന്തിന് ഖേദിക്കണം? യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. അവിടെ ഞങ്ങള്‍ വലിയൊരു രാമക്ഷേത്രം തന്നെ ഉയര്‍ത്തിയിരിക്കും. -പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

ബാബ്‌റി മസ്ജിദ് തകര്‍ത്തിടത്ത് എന്തുകൊണ്ടാണ് രാമക്ഷേത്രം ഇതുവരെ ഉയരാതിരുന്നത് എന്ന ചോദ്യത്തിന് ബി.ജെ.പിയെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ വിഷയമേ അല്ല എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിന്റെ മറുപടി.

70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇവിടെ ഞങ്ങളുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല. ഈ രാജ്യത്തല്ലെങ്കില്‍ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുകയെന്നും അവര്‍ ചോദിക്കുന്നു.

ഭോപ്പാലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ ആത്മവിശ്വാസം ഇരട്ടിച്ചെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കാനില്ല. – പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. എന്നാല്‍ പിന്നീട് സംഭവം വിവാദമായതിന് പിന്നാലെ പ്രജ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിക്കാന്‍ അവരുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രജ്ഞ സിങ്ങ് കയര്‍ക്കുകയായിരുന്നു. സംഭവത്തില്‍ താന്‍ തന്നോട് തന്നെയാണ് മാപ്പ് ചോദിച്ചതെന്നായിരുന്നു പ്രജ്ഞയുടെ വിശദീകരണം. ‘എന്നെ ഒമ്പത് വര്‍ഷം പീഢിപ്പിച്ചവരില്‍ നിന്നും നിങ്ങള്‍ എനിക്ക് മാപ്പ് നേടിത്തരുമോ. ഇന്നലെ ഞാന്‍ എനിക്കു തന്നെയാണ് മാപ്പ് നല്‍കിയത്. എന്നെ പീഢിപ്പിച്ചവരില്‍ നിന്നും ക്ഷമാപണം നേടിത്തരാന്‍ ഞാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു’- എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പ്രജ്ഞയുടെ മറുപടി.

2008ലെ മലേഗാവ്സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചത്.

സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നതെന്നും മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചിരുന്നു.

കര്‍ക്കറെ പലതവണ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തി ശല്യം ചെയ്തുകൊണ്ടിരുന്നു. തനിക്ക് ആ സംഭവവുമായി യാതൊരു ബന്ധമില്ലാത്തതിനാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കസ്റ്റഡിയില്‍ താന്‍ രേിട്ട പീഡനത്തിനും ഭീഷണിക്കുമാണ് കര്‍ക്കറെയെ ശപിച്ചത്. ‘അയാള്‍ ഇല്ലാതാകട്ടെയെന്ന് ഞാന്‍ ശപിച്ചു’ എന്നാണ് പ്രജ്ഞ പറഞ്ഞത്.

അതേസമയം പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയിയെ സമീപിച്ചിരുന്നു.

വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്‌പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here