ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരെ വധഭീഷണി; ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു

0
489

കോഴിക്കോട്(www.mediavisionnews.in): ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ദ വളര്‍ത്തല്‍ ( 153 മ ) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാള്‍ക്കെതിരെ തിരുരങ്ങാടി പൊലീസ് കേസെടുത്തത്.

തിരൂരങ്ങാടി പൊലീസ് സി.ഐക്ക് മുമ്പാകെ സഹോദരിയും മകനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുള്ളിക്കളയുമെന്നുമായിരുന്നു ഭീഷണി. ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പൊലിസ് നേരത്തെ ചോദ്യം ചെയ്തുവിട്ടിരുന്നു.

അതേസമയം കൊടിഞ്ഞിയില്‍ ക്രമസമാധാന വിഷയമില്ലെന്നും നിലവില്‍ സമാധാനപരമായി ജീവിച്ചു പോകണമെന്നാഗ്രഹിക്കുന്നവരാണുള്ളതെന്നും തിരുരങ്ങാടി സി.ഐ റഫീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൊടിഞ്ഞി ഫൈസലിന്റെ സഹോദരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ എത്രയും വേഗം അന്വേഷിച്ച് വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിമുഴക്കിയ സാഹചര്യത്തില്‍ കൊടിഞ്ഞിയില്‍ ഇന്ന് വിവിധ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാന യോഗം നടന്നു. ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ്, സി.പി.ഐ.എം, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും മഹല്ലു ഭാരവാഹികളും തിരുരങ്ങാടി സി.ഐയുമാണ് പങ്കെടുത്തത്.

നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഉറപ്പു വരുത്തണമെന്ന് കൊടിഞ്ഞിയിലെ യൂത്ത് ലീഗ് പ്രസിഡന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ലാഘവത്തോടെയുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ചില സംഘടനകള്‍ക്ക് ഇത് മുതലെടുക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തെന്നും യൂത്ത് ലീഗ് പ്രസിഡന്റ് ആരോപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here