ന്യൂദല്‍ഹി(www.mediavisionnews.in): ഗാന്ധിനഗറില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെപ്പു കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. സ്വത്തുവകകള്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.
തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്‌ക്കെതിരെ നടപടിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
‘രണ്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കിയാണ് അമിത് ഷാ സത്യവാങ്മൂലം സമര്‍പ്പിച്ചത്.’ എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 66.5 ലക്ഷം മൂല്യമുള്ള വസ്തുവിന് അമിത് ഷാ വില കുറച്ചു കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിന്റെ മൂല്യമായി 25 ലക്ഷം രൂപയാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ കാണിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ അദ്ദേഹത്തിന്റെ രണ്ട് വസ്തുക്കള്‍ പണയം വെച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മകന്‍ ജയ് ഷായുടെ കുസും ഫിന്‍സര്‍വിനുവേണ്ടി കാലുപൂര്‍ കോമേഴ്ഷ്യല്‍ കോര്‍പ്പറേറ്റീവ് ബാങ്കിലാണ് അമിത് ഷാ സ്വത്തുക്കള്‍ പണയംവെച്ചത്.
മകന്റെ കമ്പനിക്ക് 25 കോടിയുടെ ലോണിനുവേണ്ടിയാണ് ഇത് ചെയ്തത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തനിക്ക് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
‘അമിത് ഷായെ അയോഗ്യനാക്കാനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുപോകണം. ഒപ്പം തെറ്റായ സത്യവാങ്മൂലം ഫയല്‍ ചെയ്തതിന് അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കണം’ എന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.