ദല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എ.എ.പി സഖ്യ ധാരണയെന്ന് റിപ്പോര്‍ട്ട്

0
536

ന്യൂദല്‍ഹി(www.mediavisionnews.in): നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സഖ്യ ധാരണയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ക്വിന്റിന്റെ റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ മാത്രമല്ല, ഹരിയാനയിലും ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം ചേര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്നത് തങ്ങളുടെ പ്രധാന അജണ്ട ആയിരിക്കുമെന്നും ഇത് തങ്ങളുടെ പ്രകടന പത്രികയില്‍ ചേര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹിയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. പഞ്ചാബില്‍ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ഇനിയും ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിട്ടില്ല.

ദല്‍ഹിയില്‍ ഏഴു ലോക്‌സഭാ സീറ്റാണുള്ളത്. ഹരിയാനയില്‍ പത്ത് ലോക്‌സഭാ സീറ്റുകളും. ദല്‍ഹിയിലും ഹരിയാനയിലും മെയ് പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്ന് ദല്‍ഹി മുന്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ ദല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണ ദല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് അജയ് മാക്കന്‍.

തലസ്ഥാനത്ത് ബി.ജെ.പിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേരണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖം തിരിച്ചെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെജ്രിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിതിന്റെ പരമാര്‍ശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവര്‍ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പഞ്ചാബ്,ഹരിയാന, ദല്‍ഹി എന്നിവിടങ്ങളില്‍ എ.എ.പി കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് അറിയിച്ചിരുന്നു. ദല്‍ഹിയില്‍ അഞ്ചു സീറ്റ് നല്‍കണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. 2014-ല്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തു വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. സഖ്യത്തില്‍ കെജ്രിവാള്‍ നല്‍കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവരുടെ വാദം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here