ദില്ലി(www.mediavisionnews.in): അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടകളില്‍ ഇപ്പോഴുള്ള സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ നിന്നായി എന്‍.സി.പി.സി.ആര്‍ ശേഖരിച്ച ജാണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ചിന് ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി 2.9 കോടി രൂപ നഷ്ടപരിഹാരം ടെറി ലീവിറ്റ് എന്ന യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് വിധി.
കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ സെന്റ് ലൂയിസ് ജൂറി കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
2016 ഫെബ്രുവരിയില്‍ മിസോറിയിലെ യുവതിക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വരാനിടയായി എന്ന് പരാതിപ്പെടുകയായിരുന്നു. അണ്ഡാശയ കാന്‍സര്‍ പിടിപ്പെട്ടാണ് ജാക്വിലിന്‍ ഫോക്സ് എന്ന യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 493 കോടി ഇന്ത്യന്‍ രൂപയാണ് അന്ന് കോടതി പിഴ വിധിച്ചത്. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് കാന്‍സര്‍ പിടിപ്പെട്ടതെന്നാണ് ആരോപണം. 35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം കാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.
1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.
നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. അവരുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.
മലയാളികള്‍, പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന പ്രമുഖ ടാല്‍കം പൗഡര്‍ ബ്രാന്‍ഡ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. മുമ്പും നിരവധി കേസുകളില്‍ കമ്പനിക്ക് കോടതി വന്‍ തുക പിഴ വിധിച്ചെങ്കിലും കേരള വിപണിയിലുള്‍പ്പെടെ ലോകത്താകമാനം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും വിപണിയില്‍ സജീവമായി വിറ്റു പോകുന്നുണ്ട്.