ന്യൂഡല്‍ഹി(www.mediavisionnews.in): ജുഡീഷ്യറി കടുത്ത ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച രഞ്ജന്‍ ഗൊഗോയി അതിന് മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് സുധാകര്‍ പറഞ്ഞു. ഒരു സംശയവുമില്ല. ഒരുതരത്തിലും വിശ്വാസയോഗ്യമല്ലാത്ത ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൊഗോയിക്കെതിരെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് മുന്‍ ജീവനക്കാരിയുടെ കത്ത് ലഭിച്ചെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.
ആരോപണം തീര്‍ത്തും കള്ളവും നിന്ദ്യവുമാണ്. ഇതിനോട് പ്രതികരിച്ച് തനിക്ക് അത്ര തരം താഴാന്‍ വയ്യ. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നത്. എല്ലാ ജീവനക്കാരോടും നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയിട്ടുള്ളത്. പരാതിക്കാരിയായ സ്ത്രീയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിന് പരാതിക്കാരി അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനെതിരെയും കേസുകളുണ്ട്. തുടങ്ങിയ കാര്യങ്ങള്‍ സിറ്റിങ് ചേര്‍ന്ന മൂന്നംഗ ബെഞ്ചില്‍ രഞ്ജന്‍ ഗൊഗോയ് വിശദീകരിച്ചു.
പണം നല്‍കി തന്നെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നും അദ്ദേഹം വ്യക്താക്കി.