കാസര്‍കോട്(www.mediavisionnews.in): നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയിലെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പിനുള്ള ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കേസില്‍ ഏഴുപ്രതികളെയാണ് പിടികൂടിയത്. സംഘം സഞ്ചരിച്ച ബൈക്കും തോക്കും കൊച്ചിയിലെത്തിച്ച ആലുവ സ്വദേശി അല്‍ത്താഫ് ഇന്നലെയാണ് അറസ്റ്റിലായത്.
ആലുവ കോമ്പാറയിലെ ബിലാല്‍, കൊച്ചി കടവന്ത്രയിലെ വിപിന്‍ വര്‍ഗീസ് എന്നിവര്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍-കാസര്‍കോട് ഭാഗങ്ങളിലെ സംഘങ്ങള്‍ നേരത്തെ തന്നെ സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ്.
കാസര്‍കോട് സംഘത്തിന് രവി പൂജാരിയുമായുള്ള ബന്ധം അറിയാവുന്നതിനാലാണ് പെരുമ്പാവൂര്‍ സംഘം കാസര്‍കോട് സ്വദേശികളെ ദൗത്യം ഏല്‍പ്പിച്ചത്.
കാസര്‍കോട്ടെ ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം കൊച്ചിയില്‍ വെടിവെപ്പ് നടത്താനുള്ള സംഘത്തെ തിരഞ്ഞെടുക്കുകയും പദ്ധതി നടപ്പാക്കുകയുമായിരുന്നു. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ള ബിലാല്‍ മുഖേനയാണ് കാസര്‍കോട്ടെ സംഘം പദ്ധതി ആസൂത്രണം ചെയ്തത്.
50 ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെങ്കിലും കാസര്‍കോട്ടെ സംഘം നല്‍കിയത് 45,000 രൂപ മാത്രമാണ്. ഇതേച്ചൊല്ലി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അസ്വാരസ്യവുമുണ്ടായിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് കാസര്‍കോട്ടെ സംഘത്തെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു.