കൊച്ചി (www.mediavisionnews.in): മംഗലാപുരത്തു നിന്നും പിഞ്ചുകുഞ്ഞുമായി തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെട്ട ആംബുലന്‍സ് ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. അതിനിടെയാണ് കുട്ടിയെ എന്തുകൊണ്ട് റോഡ് മാര്‍ഗം കൊണ്ടുപോകുന്നു എയര്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചുകൂടെ എന്ന ചോദ്യങ്ങള്‍ വരുന്നത്. ഒടുവില്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ മന്ത്രി കെ കെ ശൈലജ.
കേരളത്തിന് സ്വന്തമായി എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ല. സര്‍ക്കാരിന് താങ്ങാവുന്നതിന് അപ്പുറമാണ് ഇതിന്റെ ചെലവ്. എയര്‍ ആംബുലന്‍സ് വാങ്ങേണ്ട അടിയന്തര സാഹചര്യം നിലവില്‍ ഇല്ല. ഹൈവേകളില്‍ ഉടനീളം മികച്ച ആശുപത്രികള്‍ ഉള്ളതിനാല്‍ ചികിത്സ ഉറപ്പാക്കാനാകും കഴിയുന്നുണ്ട്.
ഇന്നലെ രാത്രി തന്നെ കുഞ്ഞിന്റെ കുടുംബവുമായി ഹൃദ്യം പദ്ധതിയിലെ ഡോക്ടര്‍മാര്‍ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ എല്ലാ വിധ സേവനങ്ങളും ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു. കോഴിക്കോട് മിംസ് അല്ലെങ്കില്‍ കൊച്ചി അമൃതയിലും ശസ്ത്രക്രിയക്ക്് സജ്ജീകരണമൊരുക്കാനാകും. കോഴിക്കോട് പിന്നിട്ടതിനാലാണ് കൊച്ചി അമൃതയില്‍ കുട്ടിയെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. എയര്‍ ആംബുലന്‍സ് കേരളത്തിന് സ്വന്തമായി ഇല്ല. അതുമാത്രമല്ല എയര്‍ ആംബുലന്‍സ് വാങ്ങിയാല്‍ തന്നെ ചിലവ് താങ്ങാന്‍ പറ്റില്ല, പരിപാലനവും ചിലവേറിയതാണ്. അമൃതയില്‍ കാര്‍ഡിയോളജിസ്റ്റ് കൃഷ്ണകുമാര്‍ ശസ്ത്രക്രിയ ചെയ്യും. ഹൃദ്യം പദ്ധയിലുള്‍പ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ നടത്തും.
കോഴിക്കോട് വിട്ടുപോയതുകൊണ്ടാണ്. തിരുവനന്തപുരം വരെ റോഡ് മാര്‍ഗം വരേണ്ടതില്ലെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീചിത്രയുടെ അതേ നിലവാരത്തിലും സൗകര്യത്തിലും അമൃതയില്‍ ശസ്ത്രക്രിയ നടത്താനാകും. എയര്‍ ആംബുലന്‍സ് ഇല്ലാതിരുന്നിട്ട് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ചെറിയ ദൂരത്ത് ആശുപത്രികളുണ്ട്. നല്ല ആംബുലന്‍സുകള്‍ തന്നെയുണ്ട്. എയര്‍ ആംബുലന്‍സ് ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ആലോചിക്കാം. ഹൈവേയില്‍ ഉടനീളം ആശുപത്രികള്‍ ഉള്ളതുകൊണ്ട് ആംബുലന്‍സില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യനില സ്‌റ്റേബിളാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഹൃദയത്തിന് പ്രശ്‌നമുള്ള നവജാത ശിശുക്കളുടെ ചികിത്സയ്ക്കായാണ് ഹൃദ്യം പദ്ധതി. 1100 ലേറെ ശസ്ത്രക്രിയ ഇതുവരെ വിജയകമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്ബതികളുടെ കുട്ടിയെയാണ് ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ആംബുലന്‍സ് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ വഴിയൊരുക്കാനും ട്രാഫിക് നിയന്ത്രിക്കാനും നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം വിവിധ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളും രംഗത്ത് വന്നിരുന്നു.