കാസര്‍കോട്(www.mediavisionnews.in): മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. കാസര്‍കോട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത് ആകെ 11 പേര്‍. ഇവര്‍ മൊത്തം 19 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. അവസാന ദിവസമായ ഇന്നലെ മാത്രം അഞ്ചുപേര്‍ പത്രിക സമര്‍പ്പിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ (സിപിഐഎം), സിഎച്ച് കുഞ്ഞമ്പു (സിപിഐഎം), രവി തന്ത്രി (ഭാരതീയ ജനതാ പാര്‍ട്ടി), സഞ്ജീവ ഷെട്ടി (ഭാരതീയ ജനതാ പാര്‍ട്ടി), ബഷീര്‍ ടി.കെ (ബഹുജന്‍ സമാജ് പാര്‍ട്ടി), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഗോവിന്ദന്‍ ബി (അംബേദ്ക്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), കെ. നരേന്ദ്രകുമാര്‍ (സ്വതന്ത്രന്‍), ആര്‍. രമേശന്‍ (സ്വതന്ത്രന്‍), രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍), സജി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈമാസം എട്ടാണ്. ചില സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ ഓരോന്നായി പരിശോധിച്ച് സൂക്ഷ്മ പരിശോധന നടത്തും. ജില്ലാ വരണാധികാരിയാണ് സൂക്ഷ്മ- പരിശോധന നടത്തുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉപവരണാധികാരി സൂക്ഷ്മ പരിശോധന നടത്തുക. ഇത്തരം സാഹചര്യങ്ങള്‍ വളരെ അപൂര്‍വമാണ്.
സൂക്ഷ്മ പരിശോധന ക്വാസി ജുഡീഷ്യല്‍ ഉത്തരവാദിത്തമാണ്. നാമനിര്‍ദേശ പത്രിക തള്ളാനും സ്വീകരിക്കാനുമുള്ള പൂര്‍ണ അധികാരം വരണാധികാരിക്കാണ്. ഇതില്‍ മറ്റൊരാള്‍ക്കും ഇടപെടാനാകില്ല. സൂക്ഷ്മ പരിശോധനാ പ്രക്രിയയില്‍ വരണാധികാരി നീതിപൂര്‍വവും പക്ഷപാതരഹിതവുമായി എല്ലാ സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ പരിഗണിക്കും. നിലവിലുള്ള നിയമങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാകാലങ്ങളിലുള്ള നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചാണ് വരണാധികാരി തീരുമാനമെടുക്കുക. സൂക്ഷ്മപരിശോധനാസമയത്ത് വരണാധികാരി മുമ്പാകെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി, ഇലക്ഷന്‍ ഏജന്റ്, സ്ഥാനാര്‍ത്ഥി രേഖാമൂലം നിര്‍ദേശിക്കുന്ന മറ്റൊരാള്‍ എന്നിവര്‍ക്കുമാത്രമാണ് പ്രവേശനം. മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരാളെ മാത്രമെ സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരി മുമ്പാകെ കൊണ്ടുവരാന്‍ സാധിക്കൂ. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എന്ന കാരണംകൊണ്ട് നാമനിര്‍ദേശ പത്രിക തള്ളപ്പെടുകയില്ല.