കാസര്‍കോട് മണ്ഡലത്തില്‍ 79.02 ശതമാനം പോളിംഗ്

0
481

കാസര്‍കോട്(www.mediavisionnews.in): പതിനേഴാം ലോക് സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 79.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2014ല്‍ ഇത് 78.49 ശതമാനമായിരുന്നു. ഏഴുനിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 1360827 വോട്ടര്‍മാരില്‍ 1073030 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 494883(75.38 ശതമാനം) പുരുഷന്മാരും 578146 (82.07 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. രാത്രി 8.30വരെയുള്ള കണക്കാണിത്. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. രാവിലെ തന്നെ എല്ലാ പോളിംഗ് ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണി മുടക്കിയതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. ഇതോടെ ക്യൂവില്‍ നിന്ന് വോട്ടര്‍മാര്‍ വലഞ്ഞു. വോട്ടെടുപ്പ് സമയക്രമം താളംതെറ്റിയതോടെ വൈകിട്ട് ആറുമണി കഴിഞ്ഞും മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടെടുപ്പിനുള്ള സൗകര്യമൊരുക്കി. മലയോര മേഖലയില്‍ വൈകിട്ടോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. നീലേശ്വരം ബിരിക്കുളത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടിവന്നു.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 15 സ്ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പൊലീസിന് കൈമാറും. വോട്ടെണ്ണല്‍ ദിവസമായ മേയ് 23വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

2019ലെ വോട്ടിംഗ് നില
(ബ്രാക്കറ്റില്‍ 2014ലെ കണക്ക്)

മഞ്ചേശ്വരം – 73.57 (71.35)

കാസര്‍കോട് – 74.92 (72.59)

ഉദുമ – 78.27 (76.95)

കാഞ്ഞങ്ങാട്- 79.48 (79.44)

തൃക്കരിപ്പൂര്‍ – 81.32 (81.82)

പയ്യന്നൂര്‍ – 85.13 (84.31)

കല്ല്യാശേരി – 81.81 (81.32)

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here