‘ഐഎസില്‍ ചേരാം’; പോസ്റ്റര്‍ ഒട്ടിച്ച ബിജെപി പ്രവര്‍ത്തകനടക്കമുള്ളവര്‍ പിടിയില്‍

0
229

ഗുവാഹത്തി(www.mediavisionnews.in): ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ആഗോള ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നതിന്‍റെയും മരണപ്പെട്ടതിന്‍റെയുമൊക്കെ വിവരങ്ങള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഐ എസ് അനുകൂല പ്രചരണം നടത്തിയതിന്‍റെ പേരില്‍ പലരും അറസ്റ്റിലായിട്ടുമുണ്ട്. എന്നാല്‍ അസമിലെ പ്രമുഖ നഗരമായ ഗുവാഹത്തിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഐ എസില്‍ ചേരാമെന്ന പോസ്റ്റര്‍ ഒട്ടിച്ചതിനും കൊടികെട്ടിയതിനും ബിജെപി പ്രവര്‍ത്തകനടക്കമുള്ളവര്‍ പിടിയിലായെന്നാണ്.

നല്‍ബാരി മേഖലയിലെ മരത്തില്‍ ഐഎസില്‍ ചേരാം എന്ന് ഐ എസിന്‍റെ കറുത്ത കൊടിയില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഇതിന് പിന്നിലാരെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. അന്വേഷണത്തില്‍ ഐ എസില്‍ ചേരാമെന്ന പോസ്റ്റര്‍ പതിപ്പിച്ചത് ബിജെപി പ്രവര്‍ത്തകനടക്കമുള്ള ആറ് പേരാണ് തെളിഞ്ഞെന്നും ഇവരെ പിടികൂടിയെന്നും അസമിലെ പ്രാദേശിക മാധ്യമമായ ടൈം എട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംശയം തോന്നിയവരെ ചോദ്യം ചെയ്തതതില്‍ നിന്നാണ് പിടിയിലായ ആറ് പേരിലേക്ക് കേസന്വേഷണം എത്തിയത്. എന്നാല്‍ പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയെന്നാണ് വ്യക്തമാകുന്നത്.

ബിജെപി ജില്ലാ കമ്മിറ്റി അംഗമായ തപന്‍ ബര്‍മ്മനാണ് പിടിയിലായ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇയാള്‍ നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. മുജമ്മില്‍ അലി, മുന്‍ അലി, പുലക്ക് ബര്‍മന്‍, ദിപ്ജ്യോതി താക്കുറി, സാരുജ്യോതി ബൈഷ്യ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ബെല്‍സര്‍ പൊലീസാണ് കേസന്വേഷണം നടത്തുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here