ദില്ലി (www.mediavisionnews.in): ഇന്ത്യയുടെ യുവതാരവും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ സൂപ്പര്‍ താരവുമായ ഋഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണം. കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനെതിരെയാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ താരം പറഞ്ഞത് സ്റ്റംപ് മെെക്ക് പിടികൂടിയതോടെയാണ് ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരിക്കുന്നത്.
കളിയുടെ നാലാം ഓവറിലാണ് സംഭവം. റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയ്ക്കായി ആ സമയം ക്രീസിലുണ്ടായിരുന്നത്. സന്ദീപ് ലമിച്ചനെയായിരുന്നു ബൗളര്‍. ഓവറിനിടെ ഈ ബോള്‍ ഫോര്‍ ആയിരിക്കുമെന്ന് ഋഷഭ് പന്ത് പറഞ്ഞത് സ്റ്റംപ് മെെക്ക് ഒപ്പിയെടുക്കുകയായിരുന്നു. ഇത് പറഞ്ഞ് അടുത്ത പന്ത് തന്നെ ഉത്തപ്പ ഫോര്‍ അടിക്കുകയും ചെയ്തു.
ഈ തെളിവ് ഉയര്‍ത്തിയാണ് ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണവുമായി ക്രിക്കറ്റ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍, ഐപിഎല്‍ അധികൃതര്‍ ഇതുവരെ ഈ സംഭവത്തെ കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന മത്സരത്തില്‍ ഡല്‍ഹി വിജയം നേടിയിരുന്നു.
സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല.
സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്‌ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്. നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു.