കാസർഗോഡ്(www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് വീണ്ടു ശക്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്ന ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് പദ്ധതി തയ്യാറാക്കി. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫ്, എഎസ്പി ഡി.ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഉപ്പള കേന്ദ്രീകരിച്ച് സജീവമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച് തുടങ്ങി.
ഗുണ്ടാസംഘങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പൂർവകാല ചരിത്രം, കേസുകളിലെ പങ്കാളിത്തം, കഞ്ചാവ് മാഫിയകളുമായുള്ള ബന്ധം എന്നിവയാണ് ശേഖരിക്കുന്നത്. അടുത്തകാലത്തുണ്ടായ ഗുണ്ട അക്രമ കേസുകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. സംഘങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം പ്രതേക സ്‌ക്വഡ് രൂപീകരിച്ച് നടപടി തുടങ്ങാനാണ് പദ്ധതി. കഴിഞ്ഞ ദിവസം നടന്നതടക്കമുള്ള അക്രമ കേസുകളിൽ പ്രതികളായവരെ കണ്ടെത്താൻ റെയ്ഡ് ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങളുടെ കൈവശം റിവോൾവറും തോക്കും അടക്കമുള്ള ആയുധങ്ങൾ ഉള്ളതിനാൽ കരുതലോടെ നീക്കം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.