ഇതു കേരളമാണ്: തെറ്റു ചെയ്താല്‍ നടപടിക്കു മുഖംനോക്കില്ല: മോദിയോടു പിണറായി

0
502

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല. ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി. ഇതു കേരളമാണ്. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നതു സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കാട്ടാക്കടയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മംഗളൂരുവിൽ പ്രസംഗിക്കുന്നതിനിടെ കേരളത്തിൽ അയ്യപ്പന്റെ പേരു പറയാനാകാത്ത സ്ഥിയാണെന്നും പറഞ്ഞാൽ അകത്താകുമെന്നും മോദി പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ചു സംസാരിച്ചാൽ അകത്തു പോകും. എൻഡിഎ സ്ഥാനാർഥിയെ പോലും ഇതിന്റെ പേരിൽ 15 ദിവസം ജയിലിൽ അടച്ചു. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്, കമ്യൂണിസ്റ്റ്, മുസ്‌ലിം ലീഗ് പാർട്ടികൾ ഒന്നു ചേർന്ന് അപകടകരമായ കളിയാണു കളിക്കുന്നതെന്നു തമിഴ്നാട്ടിൽ രാമനാഥപുരത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here